കൊച്ചി: തനിച്ചു താമസിക്കുന്ന 86 വയസുള്ള വയോധികയെ പട്ടാപ്പകൽ കെട്ടിയിട്ടു കവർച്ച നടത്താൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശി പിടിയിൽ.
അയ്യപ്പൻകാവ് സ്വദേശിനിയായ മേരിയെ ബന്ധിച്ച് കവർച്ച നടത്താൻ ശ്രമിച്ചതിന് അലിഗർ കോയിൽ സ്വദേശി അർബാസ് ഖാൻ (30)നെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.
ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇമ്രാൻ ഖാൻ (28) രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ രണ്ടുപേർ വീടിനുള്ളിൽ കയറി വാതിൽ കുറ്റിയിട്ടശേഷം മേരിയെ അടുക്കളയിൽനിന്ന് വലിച്ചിഴച്ചു മുറിയിൽ കൊണ്ടുവന്ന് തുണികൊണ്ടു കൈകാലുകൾ കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു.
ഇവരുടെ കഴുത്തിൽ കിടന്ന അഞ്ചു പവൻ വരുന്ന സ്വർണമാല പറിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ കരച്ചിൽ കേട്ട അയൽവാസി ആളുകളെ വിളിച്ചു കൂട്ടിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.
അയൽവാസികൾ വിവരം അറിയിച്ച ഉടനെ നോർത്ത് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അർബാസ് ഖാനെ പിടികൂടി. രക്ഷപ്പെട്ട ഇമ്രാൻ ഖാനായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ വീട്ടമ്മയെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.