ഗൃഹനാഥന്റെ മരണകാരണം ഹൃദയാഘാതം; മൂന്നുപേര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു

crimeചാവക്കാട്: അച്ഛനു മകളും ബൈക്കില്‍ പോകുമ്പോള്‍ കളിയാക്കിയതിന്റെ കാരണം തിരക്കിയെത്തിയ പിതാവ് സംഘര്‍ഷത്തില്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പഞ്ചാരമുക്കില്‍ താമസിക്കുന്ന പാലയൂര്‍ പൂക്കുളം വാറണാട്ട് രമേഷാണ് (50) മകളെ കളിയാക്കിയത് ചോദിക്കാനെത്തിയപ്പോള്‍ കുഴഞ്ഞുവീണു മരിച്ചത്. രമേഷിന്റെ തറവാട്ടുവീടിനടുത്തുള്ള ക്ലബിലെ അംഗങ്ങളുമായിട്ടാണ് വാക്കുതര്‍ക്കവും ഉന്തും തള്ളും നടന്നത്.

ഇതിനിടയിലാണ് ഹൃദ്രോഗത്തിന് ചികിത്സ നടത്തുന്ന രമേഷ് കുഴഞ്ഞുവീണത്. രമേഷിന്റെ സഹോദരന്‍ സുരേഷും ക്ലബിലെ ചിലരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതിനു കാരണക്കാരായ മൂന്നു പേര്‍ക്കെതിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ഇവരെ ഉടനെ അറസ്റ്റുചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ചാവക്കാട് നഗരസഭ 11-ാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റായ രമേഷിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍.രവികുമാര്‍ ആവശ്യപ്പെട്ടു. രമേഷിന്റെ മരണത്തിന് ഉത്തരവാദികളെ ഉടനെ അറസ്റ്റുചെയ്യണമെന്ന് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.വി.ഷാനവാസ് ആവശ്യപ്പെട്ടു.

Related posts