ഇരട്ട കൊലപാതകം! കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പതിമൂന്നുകാരനെ അമ്മ പോലീസിൽ ഏല്‍പിച്ചു

നോർത്ത് കരോളൈന: ഇരട്ട കൊലപാതക കേസിൽ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുവരുന്നതിനിടയിൽ പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പതിമൂന്നുകാരനായ ജെറിക്കൊയെ മാതാവ് പോലീസിൽ ഏൽപിച്ചു.

നവംബർ 5 നായിരുന്നു കാലിൽ ചങ്ങലയിട്ടിരുന്ന ജെറിക്കൊ റോബ്സൺ കൗണ്ടി കോർട്ടിൽ നിന്നും പുറത്തുകടക്കുന്നതിനിടെ രക്ഷപ്പെട്ടത്.കുട്ടിയെ കണ്ടെത്തുന്നവർക്ക് പോലീസ് 15,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ 14 ന് ഫ്രാങ്ക് തോമസ് (34) ആഡം തോമസ് (33) എന്നിവർ മരിച്ച കേസിലായിരുന്നു ജെറിക്കൊയെ അറസ്റ്റു ചെയ്തു കൊലപാതക കുറ്റത്തിന് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടെങ്കിലും ജെറിക്കൊ അപകടകാരിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു കുട്ടിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തുകയും പിടികൂടാൻ പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിക്കുകയും ചെയ്തിരുന്നു.

നവംബർ 5 മുതൽ പോലീസിന് തലവേദന സൃഷ്ടിച്ച ജെറിക്കൊ സ്വന്തം വീട്ടിൽ എങ്ങനെ എത്തിയെന്നറിയില്ല. ബുധനാഴ്ച ജെറിക്കൊയെ ജുവനൈൽ ഡിറ്റൻഷൻ സെന്‍ററിൽ അടച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts