തലയോലപ്പറമ്പ്: കാലായില്‍ കെ.വി. മാത്യവിനെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ മൃതദേഹാവശിഷ്്ടങ്ങള്ക്കായുള്ള തെരച്ചില്‍ നിര്‍ത്തി. മാത്യുവിനെ കൊന്ന് കുഴിച്ചുമൂടിയ പള്ളിക്കവലയിലെ വ്യാപാര സമുച്ചയത്തിനു സമീപത്തെ മണ്ണ് മാറ്റിയുള്ള പരിശോധനയില്‍ കണ്ടെത്തിയ അസ്ഥികഷ്ണങ്ങള്‍ ഡിഎന്‍എ പരിശോധനക്കായി അയച്ചു. ഇന്നലെ നടത്തിയ തെരച്ചിലില്‍ മാത്യുവിന്റെ ഇരുകാലുകളുടെയും എല്ലുകള്‍ കണ്ടെത്തിയിരുന്നു.
തലയോട്ടിക്കുവേണ്ടി ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സ്ഥലത്ത് പുതിയ കെട്ടിട നിര്‍മാണം നടത്തിയപ്പോള്‍ വണ്ടികള്‍ കയറിയിറങ്ങി മറ്റ് ശരീരഭാഗങ്ങള്‍ നുറുങ്ങിപോയിരിക്കാമെന്നും സംഭവസ്ഥലത്തുനിന്ന് മണ്ണ് നീക്കം ചെയ്തപ്പോള്‍ അതോടൊപ്പം കൊണ്ടുപോകാന്‍ സാധ്യതയുള്ളതായും പോലീസ് പറഞ്ഞു. അന്വേഷണവും മറ്റിടങ്ങളില്‍നിന്നുള്ള തെളിവ് ശേഖരണവും വരും ദിവസങ്ങളില്‍ തുടരുമെന്നും പോലീസ് വ്യക്തമാക്കി.
മാത്യുവിന്റെ ഇരുകാലുകളുടെ അസ്ഥികള്‍ കൂടാതെ എട്ട് നുറുങ്ങിയ അസ്ഥി കഷ്ണങ്ങളും സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ പള്ളിക്കവലയ്ക്കു സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ പുറത്തെ ഭാഗത്ത് ബില്‍ഡിംഗിനും സമാന്തര മതിലിനിടയിലും കുഴിച്ചപ്പോള്‍ മൃതദേഹാവശിഷ്ടങ്ങളുടെ 24 അസ്ഥിക്കഷ്ണങ്ങളും മാത്യു ഉപയോഗിച്ചിരു സ്വര്‍ണ നിറമുള്ള ചെയ്നോടുകൂടിയ ടൈറ്റന് വാച്ചും ലഭിച്ചിരുന്നു.
വിഷാംശങ്ങള്‍ എന്തെങ്കിലും മാത്യുവിന്റെ ശരീരത്തില്‍ കടന്നിരുന്നോ എന്ന് കണ്ടെത്തുന്നതിനുവേണ്ടി അസ്ഥികഷണങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. തിരുവന്തപുരം ചീഫ് കെമിക്കില്‍ എക്സാമിനേഷന് ലാബിലാണ് രാസ പരിശോധന നടത്തുക. അസ്ഥി കഷണങ്ങളില്‍ നിന്നും ഡിഎന്‍എ സാമ്പിള്‍ കണ്ടെത്താന്‍ കഴിയുകയാണെങ്കില്‍ മാത്യുവിന്റെ കുടുബാഗംങ്ങളുടെ ഡിഎന്‍എ സാമ്പിളുമായുള്ള സാമ്യത പരിശോധിക്കും. ഇതിലൂടെ മാത്രമെ ലഭിച്ച അസ്ഥി കഷണങ്ങള്‍ മാത്യുവിന്റെതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ കഴിയൂ. സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയ അസ്ഥികള്‍ മനുഷ്യശരീരത്തിലെ കാലിന്റെ ആണെന്ന് ഫോറന്‍സിക് വിദഗ്ധ ലീനാ വി. നായര്‍ പറഞ്ഞു.
തെരച്ചിലില്‍ കണ്ടത്തിയ വാച്ച് മാത്യുവിന്റേത് തന്നെയാണെന്ന് മകള്‍ നൈസിയും തിരിച്ചറിഞ്ഞിരുന്നു. 2008 നവംബര്‍ 25ന് വൈകുന്നേരം 4.30ന് വീട്ടില്‍ നിന്നും പോയ മാത്യുവിനെ കാണാതാകുകയായിരുന്നു. പ്രതി അനീഷ് ജയിലില്‍ കഴിയുന്നതിനിടെ സഹതടവുകാരനായ പ്രേമനോട് പറഞ്ഞ കൊലപാതക വിവരം ഇയാള്‍ പിന്നീട് കത്തുമുഖേന വെളിപ്പെടിത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. ജില്ലാ പോലീസ് ചീഫ് ഇന്‍ ചാര്‍ജ് കെ. ജി. സൈമണിന്റെ മേല്‍നോട്ടത്തില്‍ വൈക്കം എഎസ്പി കറുപ്പുസ്വാമി, സിഐ വി.എസ്. നവാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.