വടകര: അഴിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമൃത പ്രകാശ് ദുരൂഹ സാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ജനപ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, സാമൂഹിക രാഷ്ട്രീയയുവജന സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.
സ്കൂള്‍ പരിസരത്ത് ബൈക്കിലും കാറിലും മറ്റും കറങ്ങി നടക്കുന്ന പൂവാല സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. സ്കൂളിനകത്ത് മൊബൈല്‍ ഫോണ്‍ നിരോധനം കര്‍ശനമാക്കാനും തീരുമാനിച്ചു. ക്ലാസ് പി.ടി.എ, ജാഗ്രത സമിതി എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയര്‍ന്നു. സ്കൂള്‍ പരിസരത്തും മറ്റും വിദ്യാര്‍ഥിനികളെ വലവീശുന്ന റാക്കറ്റുകളെ പോലിസ് പിടികൂടണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്, റീന രയരോത്ത്, ചോമ്പാല്‍ എസ് ഐ എന്‍.പ്രജീഷ്, കെ.ടി.രവീന്ദ്രന്, പി.പ്രേമലത, പി.രാഘവന്, പി.എം.അശോകന്, കെ.അന്‍വര്‍ഹാജി, പ്രദീപ് ചോമ്പാല, കെ.അനന്തന്, പി.വിജയലക്ഷ്മി, സാലിം പുനത്തില്‍, കെ.പി.രവീന്ദ്രന്, പി.നാണു, പി.പ്രശാന്ത്, പി.പി.പ്രകാശന്, പി.വത്സന്, മുബാസ് കല്ലേരി, എ.വി.സനീജ്, എന്നിവര്‍ സംസാരിച്ചു.