കണ്ടശാംകടവ്: ഇന്നലെ കണ്ടശാംകടവ് പാലത്തിനു മുകളില്‍നിന്നു ചാടിയ അജ്ഞാതയുവതിയുടെ മൃതദേഹത്തിനായി ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ഇന്നും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രാവിലെ എട്ടു മുതല്‍ 12 വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താ ത്തതിനെ തുടര്‍ന്ന് സംഘം തിരിച്ചുകയറി. ഇനി ഉച്ചക്കുശേഷം വീണ്ടും തെരച്ചില്‍ തുടരും.
തൃശൂര്‍ തഹസില്‍ദാര്‍ ഇന്‍ചാര്‍ജ് മോബി ടി., തൃശൂര്‍ ഫയര്‍ഫോഴ്സ് സ്റ്റേഷന് ഫയര്‍ ഓഫീസര്‍ എ.എല്‍.ലാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ മുതല്‍ 18 അംഗ സംഘം തെരച്ചില്‍ നടത്തിയത്. കണ്ടശാംകടവ് പാലത്തില്‍നിന്ന് ചേറ്റുവരെയുള്ള രണ്ടര കിലോമീറ്റര്‍ ദൂരം ഇവര്‍ ഇന്ന് തെരച്ചില്‍ നടത്തിയത്. കെ.ടി.ഡി.സിയുടെ ഒരു സ്പീഡ് ബോട്ടും ഫയര്‍ഫോഴ്സിന്റെ ഒരു ഡിങ്കിയിലുമായിരുന്നു തെരച്ചില്‍. ഇതിനിടെ അന്തിക്കാട് ശ്രീശങ്കര ഷെഡിനു കിഴക്ക് കണ്ണറമ്പില്‍ ഷിബിന്‍ ഭാര്യ മഞ്ജുഷയെ (24) കാണാനില്ലെന്ന് പരാതിയുണ്ട്.
ലീഡിംഗ് ഫയര്മാന് ടി.അനില്‍കുമാര്‍, അസി. സ്റ്റേഷന് ഓഫീസര്‍ ആര്.ബാബു, ജോണ്‍ ബ്രിട്ടോ, അഖില്‍, സജീഷ് എന്നിവരാണ് തെരച്ചിലിന് നേതൃത്വം നല്‍കിയത്. വിവരമറിഞ്ഞ് മുരളി പെരുനെല്ലി എംഎല്‍എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജിത്ത് വടക്കുഞ്ചേരി-വാടാനപ്പള്ളി, കെ.കെ.രജനി -തളിക്കുളം, സീത ഗണേഷ്-മണലൂര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.