വളരെ പേടിപ്പെടുത്തുന്ന, തികച്ചും വൃത്തികെട്ട ഈ കുറ്റകൃത്യത്തിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഈ നീതിപീഠത്തിനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും അസഹനീയമായ കേസാണിത്… ലിവിംഗ്സ്റ്റണ്‍ ഹൈക്കോടതി മുറിയില്‍ ജഡ്ജി ലേഡി റേ കഴിഞ്ഞ ദിവസം ഈ വാചകങ്ങള്‍ വായിക്കുമ്പോള്‍ പ്രതികളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. ഏറെ നിന്ദ്യവും ഹൃദയശൂന്യവുമായ പ്രവൃത്തിയാണ് നിങ്ങള്‍ രണ്ടുപേരുടെയും ഭാഗത്തുനിന്നുണ്ടായത്. അശരണയായ ഒരു പാവം വീട്ടമ്മയെ മൃഗീയമായി കൊല ചെയ്തതിനു നിങ്ങള്‍ക്ക് പ്രത്യേകിച്ച് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഈ കോടതി മനസിലാക്കുന്നു. ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാകുന്നതു വരെ നിങ്ങള്‍ രണ്ടുപേര്‍ക്കും ജാമ്യം അനുവദിക്കുന്നതുമല്ല.
മകളെ കാണാനില്ല
മൂന്നു മക്കളുടെ മാതാവും 37 കാരിയുമായ വീട്ടമ്മയാണ് കിംബര്‍ലി മക്കന്‍സി. 2015 ഒക്ടോബര്‍ 28ന് മോണ്‍ട്‌റോസ് പോലീസില്‍ മക്കന്‍സിയുടെ പിതാവ് ടെറന്‍സ് മക്കന്‍സി ഒരു പരാതി നല്‍കി. കഴിഞ്ഞ മൂന്നു ദിവസമായി മകളെ കാണുന്നില്ല. മോണ്‍ട്‌റോസിലെ ഹൈ സ്ട്രീറ്റില്‍ മൂന്നു ദിവസം മുന്പ് രാവിലെ ഏകദേശം പതിനൊന്നരയോടെയാണ് ഏറ്റവും ഒടുവില്‍ അവളെ കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു. മക്കന്‍സിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ നിരീക്ഷിച്ചു. അതിനിടയിലാണ് മോണ്‍ട്‌റോസിലെ പൊതുനിരത്തുകളിലെ ചില ചവറുവീപ്പകളിലെ അസഹനീയമായ ദുര്‍ഗന്ധം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികളും ഇക്കാര്യം ചൂണ്ടിക്കാട്ടി. ആ വീപ്പകള്‍ പരിശോധിച്ചപ്പോള്‍ കണ്ടതോ, ചില ശരീരാവശിഷ്ടങ്ങള്‍… സിസി ടിവി ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ മക്കന്‍സിയുടെ ഉടല്‍ ഭാഗങ്ങളാണ് അവയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആരാണ് കൊലപാതകി… ? എന്താണ് ദാരുണമായ ഈ കൃത്യത്തിനു കാരണം… ?
എല്ലാവിധ പഴുതുകളും അടച്ചുകൊണ്ടുള്ള ഊര്‍ജിതമായ അന്വേഷണം തുടര്‍ന്നു. മക്കന്‍സിയുടെ ശരീരാവശിഷ്ടങ്ങള്‍ കാണപ്പെട്ട ചവറുവീപ്പകള്‍ വച്ചിരുന്ന പൊതുനിരത്തിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. ഒരു യുവാവും യുവതിയും തോള്‍സഞ്ചിയും സ്യൂട്ട്‌കേസുമായി പോകുന്ന ദൃശ്യം അക്കൂട്ടത്തിലുണ്ടായിരുന്നു. അധികം വൈകാതെ, ഇരുവരും പോലീസിന്‍റെപിടിയിലായി. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ തങ്ങളാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് അവര്‍ സമ്മതിച്ചു.
പ്രതികളുടെ ഏറ്റുപറച്ചില്‍
മക്കന്‍സിയുടെ പൂര്‍വ കാമുകനാണ് സ്റ്റീവന്‍ ജാക്‌സണ്‍. ആള് മോശക്കാരനൊന്നുമല്ല. മോഷണം, ഭവനഭേദനം, ഗതാഗത നിയമ ലംഘനം, സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തല്‍, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെ ഇയാളുടെ പേരില്‍ 21 പോലീസ് കേസുകളുണ്ട്. സ്ഥിരമായി ഒരു കാമുകി വേണമെന്ന നിര്‍ബന്ധമൊന്നും ജാക്‌സണിനില്ല. മക്കന്‍സിയുമായി അകന്നതോടെ ബാര്‍ബറാ വൈറ്റിനെ ജീവിതപങ്കാളിയാക്കി. മിഷേല്‍ ഹിഗ്ഗിന്‍സ് ജാക്‌സണിന്‍റെ കാമുകി പദവിയിലെത്തിയതോടെ ഇരുവരും ഒന്നിച്ചായി യാത്രകളും മറ്റും.
മിഷേലും കേമിയാണ്. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടകളില്‍ കയറി മോഷണം നടത്തുകയാണ് മിഷേലിന്‍റെ ഇഷ്ടവിനോദം. മിഷേലും മക്കന്‍സിയും പരിചയക്കാരുമാണ്. സംഭവ ദിവസം മക്കന്‍സി മിഷേലിന്‍റെഫ്‌ളാറ്റിലെത്തി. ഇരുവരും തമ്മില്‍ സംസാരിച്ചിരിക്കവേ ജാക്‌സണ്‍ കടന്നുവന്നു. ചാരുകസാരയിലിരുന്ന മക്കന്‍സിയുടെ അടുത്തെത്തിയ ജാക്‌സണ്‍ അവരുടെ ശിരസിന്‍റെ വലതഭാഗത്ത് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ മക്കന്‍സി നിലത്തു വീണു. നിസഹായയായി നിലത്തു കിടന്ന മക്കന്‍സിയുടെ ശരീരത്തില്‍ നാല്‍പ്പതു തവണ കുത്തി. ഇതിനിടയില്‍ വീണ്ടും ചുറ്റിക കൊണ്ട് അവരുടെ ശിരസസില്‍ അടിച്ചു. ഏറ്റവും ഒടുവില്‍ കൈച്ചിരവയാല്‍ തല തല്ലിപ്പൊളിച്ചു.
മുറിക്കുള്ളില്‍ മക്കന്‍സിയുടെ ജീവന്‍ ചോര്‍ന്നു പോകുമ്പോഴും ജാക്‌സണിന്റെ മനസ്സിന് യാതൊരു ഇളക്കവും തട്ടിയില്ല. മിഷേലിനെയും കൂട്ടി അയാള്‍ പുറത്തു പോയി. ഹെറോയിനും വാങ്ങി തിരിച്ചെത്തി. ഹൈ സ്ട്രീറ്റില്‍ കൈകള്‍ പരസ്പരം കോര്‍ത്ത് ഈ പ്രണയജോടികള്‍ നടന്നുനീങ്ങുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. തിരിച്ചെത്തിയ ജാക്‌സണും മിഷേലും ചേര്‍ന്ന് മക്കന്‍സിയുടെ മൃതശരീരം കുളിമുറിയിലേക്ക് വലിച്ചുമാറ്റി. അടുത്ത ദിവസം മിഷേല്‍ ഒരു ഈര്‍ച്ചവാള്‍ കൊണ്ടുവന്നു. മക്കന്‍സിയുടെ ശരീരം വിവിധ കഷണങ്ങളായി വെട്ടിനുറുക്കി. ഉടലിന്റെ ചില ഭാഗങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി മോണ്‍ട്‌റോസിലെ ചവറ്റുവീപ്പകളില്‍ നിക്ഷേപിച്ചു. മറ്റു ചില ബാഗുകള്‍ നഗരത്തോട് ചേര്‍ന്ന ചളിക്കുഴികളില്‍ വലിച്ചെറിഞ്ഞു.
തലയും തുടകളും തോള്‍സഞ്ചിയിലും സ്യൂട്ട്‌കേസിലും നിറച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ ജാക്‌സണും മിഷേലും ഈ സഞ്ചികളുമായി പോകുന്ന രംഗങ്ങളും പതിയുകയുണ്ടായി. ഹിഗ്ഗിന്‍സിനന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടില്‍ ഈ ശരീരഭാഗങ്ങള്‍ ഒളിപ്പിച്ചു. മക്കന്‍സിയുടെ ദേഹമാകെ വെട്ടിനുറുക്കിയ സമയം താന്‍ വല്ലാത്തൊരു ലൈംഗികോന്മാദത്തിലായിരുന്നുവെന്ന് ജാക്‌സണ്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അതേ സമയം, വിചാരണയുടെ പല ഘട്ടങ്ങളിലും മക്കന്‍സിയെ കൊന്നതിന് ജാക്‌സണും മിഷേലും തമ്മില്‍തമ്മില്‍ പഴി ചാരുന്നുമുണ്ടായിരുന്നു. ജാക്‌സണിനെ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് മക്കന്‍സിയുടെ ശരീരഭാഗങ്ങള്‍ മറവു ചെയ്യാന്‍ സഹായിച്ചതെന്നുമാണ് മിഷേലിന്‍റെ വാദം. മക്കന്‍സിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയത് മിഷേലാണെന്നാണ് ജാക്‌സണ്‍ പോലീസിന് മൊഴി നല്‍കിയത്. താന്‍ കഴുത്തറുത്ത് ആ ജീവിതം അവസാനിപ്പിച്ചു, അത്രമാത്രം. ജാക്‌സണ്‍ ലാഘവത്തോടെ പറഞ്ഞു. തന്‍റെ ആദ്യ ഭാര്യയായ ബാര്‍ബറാ വൈറ്റിനോടും ജാക്‌സണ്‍ കുറ്റസമ്മതം നടത്തി.
മയക്കുമരുന്നിന് അടിമ
ജാക്‌സണിന്‍റെ വീടിന്‍റെ ജാലകങ്ങളോട് ചേര്‍ന്ന് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തന്‍റെ വീട്ടിലേക്കു വരുന്നവരെ കാണാനായിട്ടാണ് ഇത്. ദിവസവും രാവിലെ ഇയാള്‍ക്ക് ഹെറോയിന്‍ ഇഞ്ചക്്്ഷന്‍ നല്‍കാന്‍ ഒരാള്‍ വരാറുണ്ടത്രെ. പ്രതിഫലമായി അയാള്‍ക്ക് കൊടുക്കുന്നതും മയക്കുമരുന്നുകളാണ്. കിംബര്‍ലി മക്കന്‍സിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് സ്റ്റീവന്‍ ജാക്‌സണിന് ജീവപര്യന്തവും കൃത്യത്തിന് അകമഴിഞ്ഞ് സഹായിച്ച കൂട്ടുകാരി മിഷേല്‍ ഹിഗ്ഗിന്‍സിന് എട്ടു വര്‍ഷം തടവും കോടതി വിധിച്ചു. ശിക്ഷാവിധി കേട്ടപ്പോഴും ജാക്‌സണിന് ഭാവവ്യത്യാസമുണ്ടായില്ല. പക്ഷെ, മിഷേല്‍ കോടതിമുറിയില്‍ തല കുമ്പിട്ടിരുന്ന് പൊട്ടിക്കരഞ്ഞു. അഞ്ച് ആഴ്ചയോളം നീണ്ടുനിന്ന വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും മക്കന്‍സിയുടെ മാതാവ് ഹെലന്‍ മക്കന്‍സി മൂകസാക്ഷിയായി കോടതിയിലുണ്ടായിരുന്നു. വിധിന്യായം കേട്ട് നിറകണ്ണുകളോടെ ഹെലന്‍ പറയുന്നുണ്ടായിരുന്നു… ജാക്‌സണും മിഷേലും… അവരൊന്നും മനുഷ്യരല്ല… എന്‍റെ പൊന്നുമകളോട് ഈ മഹാപാപമൊക്കെ ചെയ്യാനും മാത്രം ആ പാവം എന്തു തെറ്റു ചെയ്തു… ?
–ഗിരീഷ് പരുത്തിമഠം