ഭോപ്പാല്‍: യുവതിയെ കാമുകന് കഴുത്ത് ഞെരിച്ച് കൊന്നത് സംശയത്തെത്തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളുകാരിയായ ആകാംക്ഷ ശര്‍മ്മ(27)യെ കാമുകന് കൊന്ന് വീടിനകത്ത് സിമന്റൊഴിച്ച് കല്ലാക്കി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ മകളെ കുറിച്ച് വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് കൊലപാതകവാര്‍ത്തയുടെ ചുരുളഴിയുന്നത്. പശ്ചിമ ബംഗാളുകാരിയായ ആകാംക്ഷ ശര്‍മ്മയെ 32കാരനായ ഉദ്യാന്‍ ദാസ് ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്. ആകാംക്ഷ സ്കൂളില്‍ പഠിക്കുന്പോള്‍ ഓര്‍ക്കൂട്ടിലൂടെയാണ് ഇവര്‍ ആദ്യമായി പരിചയപ്പെടുന്നത്.
പിന്നീട് ഫേസ്ബുക്കിലൂടെയും ഇവര്‍ ബന്ധം തുടര്‍ന്നു. യുഎസില്‍ ജോലി ലഭിച്ചെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവതി ഉദ്യാന്‍ദാസിന്റെ സാകേത് നഗറിലുള്ള വീട്ടിലേക്കെത്തുന്നത്. ഭോപ്പാലില്‍ നിന്ന് വീഡിയോ കാള്‍ വഴി വീട്ടുകാരെ ബന്ധപ്പെടുന്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് ആകാംക്ഷ വീട്ടുകാരോട് പറഞ്ഞിരുന്നത്.
വീട്ടുകാരുമായി നിരന്തരം ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്ന ആകാംഷയുടെ വിവരം കുറച്ചു നാളായി ഇല്ലായിരുന്നു. രണ്ടു മാസമായി ആകാംഷ വീഡിയോ കാള്‍ ചെയ്യാതെ ചാറ്റ് വഴി മാത്രം ബന്ധപ്പെടുന്നത് വീട്ടുകാര്‍ക്ക് സംശയത്തിനിട വരുത്തുകയായിരുന്നു. ആകാംക്ഷയല്ല പകരം മറ്റാരോ ആണ് തങ്ങളോട് സംസാരിക്കുന്നതെന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.പോലീസിന്റെ അന്വേഷണത്തില്‍ ആകാംക്ഷ ഇത്രയും നാള് ചാറ്റ് ചെയ്തിരുന്നത് അമേരിക്കയില്‍ നിന്നല്ല ഭോപ്പാലില്‍ നിന്നാണെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
പോലീസ് അന്വേഷണത്തിലാണ് യുവതി അമേരിക്കയില്‍ പോയിട്ടില്ലെന്നും പകരം ഭോപ്പാലിലെ സാകേത് നഗറില്‍ കാമുകനായ ഉദ്യാന്‍ദാസിനോടൊപ്പമായിരുന്നുവെന്നും മനസിലാക്കുന്നത്. ഉദ്യാന്‍ദാസിന്റെ വീട് പരിശോധിച്ചപ്പോള്‍ ശവകുടീരത്തിന്റെ മാതൃകയിലുള്ള നിര്‍മ്മിതി വീടിനകത്തുള്ളത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ആകാംഷയെ വാക്കു തര്‍ക്കത്തിനൊടുവില്‍ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് തുറന്നു പറയുകയായിരുന്നു. ആകാംക്ഷയ്ക്കു വേറെ ബന്ധമുണ്ടെന്നുള്ള സംശയത്തെത്തുടര്‍ന്നാണ് പ്രതി കൊലപാതകം നടത്തിയത്.
ജൂലൈയില്‍ ആകാംക്ഷയെ കൊന്നതാണെന്നാണ് പോലീസ് നിഗമനം. മൃതദേഹം കരിങ്കല്‍ പെട്ടിയിലാക്കിയശേഷം പ്രതി സിമന്റ് കലക്കി മൃതദേഹത്തിലൊഴിച്ചുവെന്ന് പോലീസ് പറയുന്നു. ഡ്രില്ലിങ് മെഷീനും ഇലക്രോണിക് കട്ടറും ഉപയോഗിച്ച് കോണ്‍ക്രീറ്റ് കുത്തിപ്പൊളിക്കാന്‍ പോലീസിന് മണിക്കൂറുകളുടെ അധ്വാനം വേണ്ടിവന്നു. പെട്ടിക്കുള്ളില്‍ സൂക്ഷിച്ച മൃതദേഹം സിമന്റിട്ടതിനാല്‍ കല്ല് പോലെ ഉറച്ചിരുന്നെന്നും പോലീസ് പറയുന്നു. മൃതദേഹം ആകാംക്ഷയുടേതാണെന്ന് തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടി. അതിനാല്‍ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്കയക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഉദ്യാന്ദാസിനെ റിമാന്‍ഡ് ചെയ്തു. വളരെ ആര്‍ഭാട ജീവിതം നയിക്കുന്ന ഉദ്യാന്‍ദാസിന് സ്വന്തമായി ഔഡി, മെര്‍സിഡസ് തുടങ്ങിയ കാറുകളുണ്ട്. അമ്മ റിട്ടയേര്‍ഡ് ഡിഎസ്പിയാണ്.