കാൻസസ്: അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റു ഇന്ത്യക്കാരൻ മരിച്ച സംഭവത്തിൽ ഭീതിയോടെ കുടിയേറ്റക്കാർ. കാൻസസ് നഗരത്തിലെ ബാറിൽ ബുധനാഴ്ച രാത്രി നടന്ന വെടിവയ്പിലാണ് ഹൈദരാബാദ് സ്വദേശി ശ്രീനിവാസ് കുച്ചിബോത്ല (32) കൊല്ലപ്പെട്ടത്. ശ്രീനിവാസിന്റെ സഹപ്രവർത്തകൻ അലോക് മദസാനിക്കും അക്രമിയെ തടയാൻ ശ്രമിച്ച അമേരിക്കക്കാരൻ ഇയാൻ ഗ്രില്ലോട്ടിനും വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
എന്റെ രാജ്യത്തുനിന്നു പുറത്തുപോകു എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമി നിറയൊഴിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ട്രംപിന്റെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് ആക്രമി വെടിവച്ചതെന്നാണ് ആരോപണം. എന്നാൽ ട്രംപിന്റെ കുടിയേറ്റ നയം ആക്രമിയെ സ്വാധിനിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. അമേരിക്കക്കാരനായ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ ആഡം പുരിന്റോണെ ഈ കേസിൽ മിസൂറിയിൽ നിന്നു പോലീസ് അറസ്റ്റു ചെയ്തു.
ലോക്കൽ പോലീസിനു പുറമേ എഫ്ബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാൻസസിലെ ഒലാതെയിൽ ജിപിഎസ് സംവിധാനങ്ങൾ തയാറാക്കുന്ന ഗ്രാമിൻ ഹെഡ്കാർട്ടേഴ്സിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ശ്രീനിവാസ് കുച്ചിബോത്ലെ. ശ്രീനിവാസിന്റെ മരണം അത്യന്തം ഞെട്ടലുളവാക്കുന്നതാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. യുഎസിലെ ഇന്ത്യൻ അംബാസഡർ നവ്തേജ് സർനയുമായി സംസാരിച്ചതായും രണ്ടു എംബസി ഉദ്യോഗസ്ഥരെ ഇന്ത്യക്കാരുടെ സഹായത്തിനായി കാൻസസിലേക്ക് അയച്ചതായും സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു.