എണ്ണമയമുള്ള പദാർഥം തന്നിട്ട് അതു ജോംഗിന്റെ മുഖത്തു പുരട്ടാനാണു തനിക്കു കിട്ടിയ നിർദേശമെന്നും ഇതിനാണു 90 ഡോളർ തന്നതെന്നും ഇതിന്റെ വിഷശക്തിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും അയിഷ പറഞ്ഞു.
അയിഷയോടൊപ്പം അറസ്റ്റിലായ വിയറ്റ്നാംകാരിഡോവൻ തിംഗ് ഹോമിനെ വിയറ്റ് നാം ഉദ്യോഗസ്ഥരും ചോദ്യം ചെയ്തു. എന്നാൽ വിയറ്റ്നാം ഉദ്യോഗസ്ഥർ റിപ്പോർട്ടർമാരോട് ഒരു വിവരവും പറഞ്ഞില്ല.
ഈ മാസം 13നു മക്കാവുവിലേക്കു പോകാനായി ക്വാലാലന്പൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണു രണ്ടു ചാരവനിതകൾ ചേർന്ന് ജോംഗ് നാമിന്റെ മുഖത്ത് വിഷപദാർഥം തേച്ചത്. പെട്ടെന്നുതന്നെ വാതകരൂപത്തിലായി തൊലിയിലൂടെ കടന്ന് ശ്വാസകോശങ്ങളെയും ഞരന്പുകളെയും ബാധിക്കുന്ന വിഎക്സ് എന്ന വിഷപദാർഥമാണു കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കഴിഞ്ഞദിവസം മലേഷ്യൻ ഉദ്യോഗസ്ഥർ പറയുകയുണ്ടായി. നിരോധിത രാസായുധത്തിന്റെ പട്ടികയിലാണ് വിഎക്സിനെ യുഎൻ ഉൾപ്പെടുത്തിയിരിക്കുന്നത്. സരിൻ വിഷവാതകത്തേക്കാൾ നൂറിരട്ടി മാരകമായ വിഎക്സ് വളരെ ചെറിയ അളവിൽപോലും മരണത്തിനിടയാക്കും. ഉത്തരകൊറിയൻ ഭരണകൂടമാണ് ജോംഗ് നാമിന്റെ വധത്തിനു പിന്നിലെന്നു കരുതപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരകൊറിയക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടികിട്ടാനുള്ള മറ്റ് ഏഴു പേർ രാജ്യം വിട്ടെന്നു കരുതുന്നു.
ഇതിനിടെ മലേഷ്യയിലെ ഉത്തരകൊറിയൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ഹോംഗ് കാംഗ് സോംഗ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു മലേഷ്യൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സോംഗ് വിസമ്മതിക്കുന്ന പക്ഷം കോടതി മുഖേന അറസ്റ്റ് വാറന്റിന് അപേക്ഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, നയതന്ത്ര പാസ്പോർട്ടുണ്ടെങ്കിൽ സോംഗിനെ അറസ്റ്റ് ചെയ്യുക എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.