ന്യൂഡൽഹി: മനുഷ്യശരീരത്തിന്റെ വിവിധ ഭാഗങ്ങൾ പായ്ക്കറ്റിലാക്കിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലാണ് സംഭവം. മൂന്നിടങ്ങളിൽ നിന്നാണ് വിവിധ ഭാഗങ്ങൾ ലഭിച്ചത്. തലയും കൈയും കാലിന്റെ ചില ഭാഗങ്ങളുമാണ് വസീറാ ബാദിലെ റോഡരികിൽ ആദ്യം കണ്ടത്. തലയിണക്കവറിൽ പൊതിഞ്ഞ് പായ്ക്ക് ചെയ്ത നിലയിലായിരുന്നു ഇത്. പ്രദേശത്തെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇത് ആദ്യം കണ്ടത്.
ഇയാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് ഈ പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിലാണ് മറ്റ് രണ്ടിടങ്ങളിൽ നിന്നായി മറ്റ് ചില ഭാഗങ്ങൾകൂടി കണ്ടെടുത്തത്. ബുരാരിയിലെ റോഡരികിൽ നിന്ന് കാലും ഇതിനടുത്ത ബസ് സ്റ്റാൻഡിൽ നിന്ന് തലയില്ലാത്ത ഉടലുമാണ് ലഭിച്ചത്. ഇവയൊക്കെ വെട്ടി നുറുക്കിയ നിലയിലായിരുന്നു.
കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ പരിശോധനകൾക്ക് അയച്ചിരിക്കുകയാണെന്നും കൊലപാതകം നടത്തിയ ശേഷം ശരീരം വെട്ടിമുറിച്ച് ഈ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.