തീക്കട്ടയിലും ഉറുമ്പരിക്കുന്നുവോ? കണ്ണൂരില്‍ നിന്നുള്ള വാര്‍ത്ത കേട്ടാല്‍ സാദാ ജനത്തിന് അങ്ങനെയൊക്കെ തോന്നും. സംഭവത്തിലെ കഥാപാത്രങ്ങളെല്ലാം പോലീസുകാരായതിനാല്‍ നാട്ടുകാരുടെ ആരോഗ്യത്തിന് കേടുണ്ടാകില്ല. സംഭവം മറ്റൊന്നുമല്ല, കണ്ണൂര്‍ ധര്‍മശാല കെഎപി ക്യാമ്പിലെ ഒരു എസ്‌ഐയുടെ മകള്‍ കുളിക്കുന്നത് മറ്റൊരു എസ്‌ഐയുടെ മക്കള്‍ മൊബൈലില്‍ പകര്‍ത്തി. പെണ്‍കുട്ടിയുടെ പ്രായം പതിനാറ്. മൊബൈലില്‍ ഷൂട്ട് ചെയ്തവര്‍ ഒരു വയസിന് ഇളയതും. ഒരു എസ്.ഐയുടെ പതിനഞ്ചും പതിനാറും വയസുള്ള മക്കളും മറ്റൊരു എസ്.ഐയുടെ മകനായ പതിനഞ്ചുകാരനുമാണ് പ്രതികള്‍.
പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് പെണ്‍കുട്ടിയുടെ കുടുംബവും ആണ്‍കുട്ടികളും താമസിച്ചിരുന്നത്. എല്ലാവരും നല്ല ബന്ധത്തിലും. ഒരു ദിവസം പെണ്‍കുട്ടിയുടെ ക്വാര്‍ട്ടേഴ്‌സിന്റെ പുറകിലെ കുളിമുറിക്കടുത്ത് ആണ്‍കുട്ടികളെ കണ്ട പോലീസുകാരന്‍ ഇവരെ പിടികൂടുകയായിരുന്നു. മൊബൈല്‍ പരിേേശാധിച്ചപ്പോള്‍ പെണ്‍കുട്ടി കുളിക്കുന്നത് മുഴുവന്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതായി കാണുകയും ചെയ്തു. മാത്രമല്ല, വേറെ കുറെ വീഡിയോയും കൂട്ടത്തിലുണ്ടായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് കെ.എ.പി. കമാണ്ടന്‍റിന് ഇത് സംബന്ധിച്ച് പരാതി നല്‍കി. പരാതി സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുറ്റക്കാരായ കുട്ടികളും കുടുംബവും താമസിച്ചിരുന്ന രണ്ട് ക്വാര്‍ട്ടേഴ്‌സും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമനടപടി സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ചൈല്‍ഡ് ലൈനിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഒന്നരമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് സി.ഐ കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.