കൊടുംകുറ്റവാളിയായ മിഖായേൽ പോപ്കോവിനോട് കോടതി ചോദിച്ചു. നിങ്ങൾ എത്ര സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊന്നിട്ടുണ്ട്…തോളുകൾ മുകളിലേക്കു ചലിപ്പിച്ച് അയാൾ പറഞ്ഞു… എനിക്കറിയില്ല,ഞാൻ ഇതുസംബന്ധിച്ചുള്ള രേഖകളൊന്നും സൂക്ഷിക്കാറില്ല. ഈ ഉത്തരം കേട്ട് ജഡ്ജി വരെ ഞെട്ടി.
രണ്ടു വർഷം മുന്പുവരെ മിഖായേൽ പോപ്കോവ് സമൂഹത്തിന്റെ മുന്നിൽ നല്ലൊരു ഭർത്താവും അച്ഛനുമൊക്കെയായിരുന്നു. മികച്ച പോലീസ് ഉദ്യോഗസ്ഥനായി പേരെടുത്തിരുന്ന ഇയാൾ ഒരു കൊടും കുറ്റവാളിയാണെന്ന് ലോകം തിരിച്ചറിഞ്ഞപ്പോഴേക്കും ഇയാളുടെ കരങ്ങളാൽ ജീവൻ നഷ്ടപ്പെട്ടത് 82 സ്ത്രീകൾക്ക്.
2015ലാണ് 22 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് റഷ്യൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് നടന്ന അന്വേഷണങ്ങളിൽ ഇയാൾ മറ്റ് 60 സ്ത്രീകളെക്കൂടി കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി.ഇയാൾക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങളൊക്കെ പോലീസിന് തെളിയിക്കാനായാൽ ലോകചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലറാകും പോപ്കോവ്.
53 വയസുള്ള മിഖായേൽ പോപ്കോവിന് രണ്ടു മുഖങ്ങളാണുള്ളത്. വളരെ സൗമ്യവും ശാന്തവുമാണ് പോപ്കോവിന്റെ ആദ്യ മുഖം.അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്പുവരെ ഇയാൾ കുടുംബത്തിനും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നെ ഇയാൾ ഒരു കൊടുംകുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞപ്പോൾ അത് വിശ്വസിക്കാൻ ഇവരാരും തയാറായില്ല.
എന്നാൽ വളരെ ക്രൂരവും പൈശാചികവുമാണ് ഇയാളുടെ രണ്ടാമത്തെ മുഖം. 17 നും 40 നും ഇടയിൽ പ്രായമുള്ള 82 സ്ത്രീകളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരകളായത്. വെറും കൊലപാതകങ്ങളായിരുന്നില്ല ഇയാൾ നടത്തിയത്. സ്ത്രീകളെ തന്റെ വലയിലാക്കി അവരെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നു. പിന്നീട് ഇവരുടെ മൃതദേഹങ്ങൾ വിരൂപമാക്കി പലയിടങ്ങളിൽ കൊണ്ടുചെന്നിട്ടു.
നീണ്ട 18 വർഷങ്ങൾക്കിടയിലാണ് ഇയാൾ ഈ കൊലപാതകങ്ങളൊക്കെ ചെയ്തത്. ഇതിനു പിന്നിലെ കാരണമെന്തെന്നുള്ളതാണ് ഇപ്പോഴും പോലീസിനെ വലയ്ക്കുന്ന ചോദ്യം.
തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയതിന്റെ ദേഷ്യത്തിലാണ് താൻ സ്ത്രീകളെ കൊന്നുതുടങ്ങിയതെന്ന് പോപ്കോവ് പോലീസിനോട് പറഞ്ഞു.വെറും കൊലപാതകത്തിൽ ഒതുങ്ങുന്നതല്ല ഇയാളുടെ ക്രൂരകൃത്യങ്ങൾ. മിക്ക മൃതദേഹങ്ങളുടെയും തല ഇയാൾ വെട്ടിമാറ്റി. ചിലരുടെ ഹൃദയം പുറത്തെടുത്തു. മിക്കവരേയും കൊല്ലുന്നതിനുമുന്പും കെന്നതിനുശേഷവും മാനഭംഗം ചെയ്തു.
സ്വന്തം മകളുടെ സ്കൂളിലെ അധ്യാപികയും ഇയാളുടെ ക്രൂരതയ്ക്ക് ഇരയായി.പിന്നീട് ഇവരുടെ ശവസംസ്കാര ചടങ്ങിന് ഇയാൾ പണം നൽകുകയും ചെയ്തു. വിദ്യർഥികളും, സെയിൽസ് ഗേൾസും, ഫാക്ടറി ജീവനക്കാരും, ജോലിയില്ലാത്ത അമ്മമാരും വേശ്യകളുമെല്ലാം ഇയാളുടെ കൊലക്കത്തിക്ക് ഇരകളായി.