അന്പലപ്പുഴ: ദന്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത തെളിയിക്കാനാവാതെ പോലീസ് കുഴയുന്നു. ചിട്ടിപ്പണം വാങ്ങാനായി അന്പലപ്പുഴയിലെ ചിട്ടിസ്ഥാപന ഉടമ സുരേഷിന്റെ വീട്ടിലെത്തിയ ഇടുക്കി സ്വദേശികളായ വേണു (57) ഭാര്യ സുമ (52) എന്നിവർ പൊള്ളലേറ്റു മരിച്ച സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാനാവാതെയാണു പോലീസ് കുഴങ്ങുന്നത്.
വേണുവിന്റെ മരണമൊഴിയിൽ സുരേഷ് തങ്ങളുടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീവയ്ക്കുകയായിരുന്നെന്നാണു പറയുന്നത്. എന്നാൽ, സുരേഷിനെ ചോദ്യംചെയ്തപ്പോൾ സംഭവം നടക്കുന്ന സമയം വീട്ടിലില്ലായിരുന്നെന്നും ഫോണ് വന്നപ്പോഴാണു വീട്ടിലെത്തിയതെന്നും ഈ സമയം പോലീസും എത്തിയെന്നുമാണു പറയുന്നത്.
സംഭവത്തിൽ അന്പലപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്താണ് അന്വേഷിക്കുന്നത്. ഇന്നലെ ആലപ്പുഴ എസ്പി മുഹമ്മദ് റഫീക്ക്, കായംകുളം ആലപ്പുഴ ഡിവൈഎസ്പിമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കബീർ റാവുത്തർ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിക്കുകയും സുരേഷിനെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
അയൽവാസിയായ യുവാവ് താൻ തീ കത്തുന്നതുകണ്ട് ഓടി വന്നപ്പോൾ സുരേഷിന്റെ മകൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളെന്നും ഉടൻതന്നെ താൻ വെള്ളമൊഴിച്ചു തീയണച്ചെന്നും പോലീസിനു മൊഴി കൊടുത്തിട്ടുണ്ട്. കൂടാതെ അയൽവാസികളായ ചില സ്ത്രീകളും മൊഴി കൊടുത്തത് ഈ സംഭവം നടക്കുന്പോൾ സുരേഷ് വീട്ടിലുണ്ടായിരുന്നില്ല എന്നാണ്.
സുരേഷിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്, സംഭവ ദിവസം താൻ വൈകുന്നേരം ആറിനു വീട്ടിലെത്തിയപ്പോൾ വേണുവിന്റെ ഭാര്യ സുമയാണ് അവിടെ പണം ചോദിക്കാൻ കാത്തുനിന്നിരുന്നതെന്നാണ്.
അവരോടു പണം ശരിയായിട്ടില്ലെന്നു പറഞ്ഞു. തുടർന്നു താൻ തിരിച്ചു കാറ്ററിംഗ് നടത്തുന്ന സ്ഥലത്തേക്കു പോകുന്പോൾ വേണു തന്റെ വീട്ടിലേക്കു പോകുന്നതു കണ്ടു എന്നുമാണ്.
സംഭവം നടക്കുന്നതിന് 10 മിനിറ്റ് മുന്പ് വേണു തന്റെ തൊടുപുഴയിലുള്ള സുഹൃത്തിനെ വിളിച്ചു താൻ പറയുന്നതു റിക്കാർഡ് ചെയ്യാൻ ആവശ്യപ്പെടുകയും തങ്ങളെ പെട്രോളൊഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തിയതായും പറഞ്ഞതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതാണു വേണുവിന്റെ ഫോണിൽനിന്നു പോയ അവസാന വിളി. മരണമൊഴിയും സാഹചര്യത്തെളിവുകളും ഒത്തുചേരാത്തതാണു പോലീസിനു തലവേദന ഉണ്ടാക്കുന്നത്. വേണുവിന്റെ സഹോദരങ്ങളും മരുമകനും മാധ്യമപ്രവർത്തകരോടു പറഞ്ഞതു വേണു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്.
കൂടാതെ മൂന്നു ലക്ഷത്തിൽപരം രൂപയ്ക്ക് ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ്. വേണുവിന് ഒരേക്കറോളം സ്ഥലവും രണ്ടു വീടുകളും ഉണ്ട്, കൂടാതെ മകൻ സൗദിയിൽ ആണെന്നും മകൾ വിവാഹിതയാണെന്നുമാണ്.
വേണു കടബാധ്യതയിലായിരുന്നെന്നു സൂചന
ചെറുതോണി: കിട്ടാനുള്ള ചിട്ടിപ്പണത്തിനായി അന്പലപ്പുഴയിൽ പോയ കുടുംബത്തിന്റെ ദാരുണമായ മരണവാർത്ത ഇടുക്കിയിലെ കീരിത്തോട് ഗ്രാമത്തെ നടുക്കി. കടക്കെണിയിൽ നട്ടംതിരിഞ്ഞിരുന്ന കീരിത്തോട് കുമരംകുന്നേൽ വേണുവിന്റെ അവസാന പ്രതീക്ഷയായിരുന്നു അന്പലപ്പുഴയിലുള്ള ചിട്ടിസ്ഥാപനത്തിൽനിന്നു ലഭിക്കാനുണ്ടായിരുന്ന പണം. അഞ്ചു ലക്ഷത്തിന്റെ മൂന്നു കുറികൾ വേണു ചേർന്നിരുന്നു. പത്രങ്ങളിൽ പരസ്യം കണ്ടായിരുന്നു വേണു അന്പലപ്പുഴയിലുള്ള സുരേഷിന്റെ ചിട്ടിക്കന്പനിയിൽ ചേർന്നത്.
കീരിത്തോട്ടിൽനിന്നു വാഹനത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്റ്റേഷനറി സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ബിസിനസായിരുന്നു വേണുവിന്. ഒന്നര വർഷം മുന്പ് വേണു കടംമൂലം ബിസിനസ് നിർത്തി. സുരേഷിന്റെ ചിട്ടിക്കന്പനിയും പൊളിഞ്ഞതോടെ വേണുവിന്റെ സകല പ്രതീക്ഷയും തകർന്നിരുന്നു. പലപ്രാവശ്യം ചിട്ടിപ്പണത്തിനായി വേണു സുരേഷിനെ സമീപിച്ചിരുന്നെങ്കിലും പണം കിട്ടിയില്ല.
കഴിഞ്ഞ ശനിയാഴ്ച ചിട്ടിപ്പണം കൊടുക്കാമെന്നുപറഞ്ഞു ചിട്ടിസ്ഥാപന ഉടമ അന്പലപ്പുഴയിലിലേക്ക് വേണുവിനെയും ഭാര്യ സുമയെയും വിളിച്ചുവരുത്തുകയായിരുന്നുവെന്നു നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇതിനുമുന്പ് വേണുവിനു ഹൃദ്രോഗം പിടിപെട്ടിരുന്നു. മകളെ കല്യാണം കഴിച്ചയച്ചതിലും മകനെ വിദേശത്തു ജോലിക്കു വിട്ടതിലും സാന്പത്തികബാധ്യത ഉണ്ടായിരുന്നതായും പറയുന്നു. മകളുടെ വിവാഹത്തിനു കോട്ടയത്തുള്ള സഹോദരനിൽനിന്നു പണം കടംവാങ്ങിയിരുന്നു.
സഹോദരന്റെ മകളുടെ വിവാഹത്തിനു കടംവാങ്ങിയ തുക സുരേഷിൽനിന്ന് വാങ്ങിച്ചുകൊടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു വേണുവും ഭാര്യയും അന്പലപ്പുഴയിലേക്കു പോയതെന്നു ബന്ധുക്കൾ പറയുന്നു. പിന്നീടു രാത്രി നാട്ടുകാരും ബന്ധുക്കളുമറിയുന്നത് ഈ ദന്പതികളുടെ മരണ വാർത്തയാണ്. കത്തിക്കരിഞ്ഞ ദന്പതികളുടെ മൃതദേഹം ഇന്നലെ വൈകുന്നേരം അന്പലപ്പുഴയിൽ പോസ്റ്റുമോർട്ടം നടത്തി വൈകുന്നേരം നാട്ടിലെത്തിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. നികിത, നിധീഷ് എന്നിവരാണ് മക്കൾ. രാജാക്കാട് പഴയവിടുതി സ്വദേശി ജിഥിൻ മരുമകനാണ്.