പാലക്കാട്/ ഊട്ടി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയതും മോഷണവും കൂടുതൽ ദുരൂഹതകളിലേക്ക്. എസ്റ്റേറ്റിലെ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചതും താമസിയാതെ രണ്ടാം പ്രതി സയൻ ശ്യാമും കുടുംബവും വാഹനാപകടത്തിൽപെട്ടതുമാണ് സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നത്.
വെള്ളിയാഴ്ച രാത്രി സേലത്തെ ആത്തൂരിൽ കനകരാജ് ഒാടിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നുവെന്നാണു പോലീസ് നൽകുന്ന വിവരം. ഒരു ബന്ധുവിനെ സന്ദർശിച്ചു മടങ്ങും വഴിയാണു കനകരാജ് അപകടത്തിൽപെടുന്നത്. ജയലളിതയുടെ എസ്റ്റേറ്റിലെ ഡ്രൈവറായിരുന്നു കനകരാജ്. മണിക്കൂറുകൾക്കു ശേഷം ഇന്നലെ പുലര്‍ച്ചെ സയനും കുടുംബവും സഞ്ചരിച്ച കാർ പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു. സയന്റെ ഭാര്യ, കോയമ്പത്തൂർ സുബ്രഹ്മണ്യ സ്ട്രീറ്റ് ശിവശങ്കരന്റെ മകൾ വിനുപ്രിയ (31), മകൾ നീതു (അഞ്ച്) എന്നിവരാണു മരിച്ചത്. രണ്ടുപേരുടെയും കഴുത്തിൽ ആഴത്തിലുള്ള മുറിവു കാണപ്പെട്ടു. കാറിനുള്ളിൽ രക്തക്കറയും കാര്യമായില്ല. അതിനാൽ അപകടത്തിനു മുന്‍പേ ഇവർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയം.
ഇരിങ്ങാലക്കുട സ്വദേശിയും കോയമ്പത്തൂർ ട്രിച്ചി റോഡ് നിവാസിയുമായ സയൻ(33) ഗുരു തര പരിക്കുകളോടെ കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാടുനിന്നെത്തിയ ഫയർഫോഴ്സ് സംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് അപകടത്തിൽപ്പെട്ടവരെ കാറിൽനിന്നു പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവരുടെ ഐഡന്റിറ്റി, ആധാർ കാർഡുകൾ പരിശോധിച്ചപ്പോഴാണ് തമിഴ്നാട്ടിലെ വിലാസം മനസിലായത്. ഇതുമായി ബന്ധപ്പെട്ടതോടെയാണു സയൻ ജയലളിതയുടെ കോടനാടുള്ള എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. കേസിലെ രണ്ടു പ്രതികൾക്കും ഏതാണ്ട് ഒരേ സമയം അപകടം സംഭവിച്ചതിനു പിന്നിൽ ആരുടെയെങ്കിലും കരങ്ങളുണ്ടോയെന്ന സംശയം ശക്തമാണ്.
ചികിത്സയിലുള്ള സയന്റെ മൊഴിയാണു കേസിൽ നിർണായകമാകുക. പ്രതികളായ കനകരാജിനെയും സയനെയും അറസ്റ്റ് ചെയ്തശേഷം ഗൂഡല്ലൂർ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. പോലീസിന്റെ ഈ വീഴ്ച മനഃപൂർവമാണോ എന്ന സംശയവും ഉണ്ട്.
അതേസമയം, മോഷണവുമായി ബന്ധപ്പെട്ട് എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കനകരാജും സയനും അടക്കം 10 അംഗ സംഘമാണ് മോഷണത്തിനും കൊലപാതകത്തിനും പിന്നിലെന്നാണു പോലീസിന്റെ നിഗമനം. തൃശൂര്‍, മലപ്പുറം, വയനാട് സ്വദേശികളാണു പോലീസ് പിടിയിലായിരിക്കുന്നത്. ഇവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണ് സൂചന.