ഗിരീഷ് പരുത്തിമഠം
ബാങ്കിലെ ഡെപ്യൂട്ടി മാനേജർ ഉദ്യോഗത്തിൽ നിന്നു വിരമിച്ച പ്രകാശ് വാങ്കഡെ സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയായിരുന്നു. തികച്ചും ആകസ്മികമായി അദ്ദേഹം അപ്രത്യക്ഷനായി. ബന്ധുക്കളുടെ വീട്ടിലെല്ലാം ഭാര്യ ആശ ടെലിഫോണിലൂടെയും മറ്റും അന്വേഷിച്ചു. അടുത്ത സുഹൃത്തുക്കളോടും തിരക്കി. ആർക്കും അറിയില്ല. സമീപത്തെ ചാർക്കോപ് പോലീസ് സ്റ്റേഷനിൽ ആശ ഇതു സംബന്ധിച്ച് പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അങ്ങനെയിരിക്കെയാണ് അഹമ്മദ്നഗർ പോലീസിന് വനത്തിൽ നിന്നും ഒരു അജ്ഞാതമൃതദേഹം ലഭിച്ചത്. വനത്തിൽ മരങ്ങൾക്കിടയിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ആളിനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. എന്തായാലും, അതൊരു കൊലപാതകമാണെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പക്ഷെ, കേസിന് സഹായകമായ യാതൊരു തെളിവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഇഴഞ്ഞു.
മൃതദേഹത്തിനു അവകാശികളായി ആരും വരാത്തതിനെത്തുടർന്ന് കേസ് ഏറെക്കുറെ അവസാനിപ്പിച്ച മട്ടിലായി. ചാർക്കോപ്പ് പോലീസും വാങ്കഡെയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉൗർജിതമായ അന്വേഷണത്തിലായിരുന്നു. 62 കാരനായ വാങ്ക െഡയെ കണ്ടെത്താനാവാതെ പോലീസ് കുഴങ്ങി. കഴിഞ്ഞ ദിവസം പോലീസിന് തീർത്തും അവിചാരിതമായി ഒരു സൂചന ലഭിച്ചു. വാങ്കഡെയുടെ തിരോധാനത്തിനു പിന്നിൽ ഭാര്യയ്ക്ക് പങ്കുണ്ടെന്നതായിരുന്നു സൂചന. പോലീസ് കേസ് വീണ്ടും ഉൗർജിതമായി അന്വേഷിക്കാൻ തീരുമാനിച്ചു. വാങ്കഡെയെ കാണാതാകുന്നതിനു ദിവസങ്ങൾക്കുമുന്പ് ഭാര്യയോടൊപ്പം അഹമ്മദ്നഗറിൽ ഒരു വിവാഹച്ചടങ്ങിനു പോയത് പോലീസിന് വ്യക്തമായി. ആശയുടെ സഹോദരി വന്ദനയും അവരുടെ സുഹൃത്ത് നിലേഷ് സുപാലും കൂടെയുണ്ടായിരുന്നുവത്രെ. പോലീസിന് ആശയെ സംശയിക്കാൻ മറ്റൊരു കാരണവുമുണ്ട്. ഭർത്താവിനെ കാണാനില്ലെന്ന പരാതി അന്വേഷിക്കവെ പോലീസിനോട് വാങ്കഡെയുടെ അഹമ്മദ്നഗർ യാത്രയെക്കുറിച്ച് ആശ വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് ആശയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തു.
കൊലപാതകം ആസൂത്രിതം
വളരെ ആസൂത്രിതമായാണ് ആശ (60) യും സഹോദരി വന്ദന (40) യും ചേർന്ന് പദ്ധതി തയാറാക്കിയത്. പ്രശസ്തമായ പൊതുമേഖല ബാങ്കിൽ നിന്നും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ വിരമിച്ച വാങ്കഡെയെ അനുനയിപ്പിച്ച് അഹമ്മദ്നഗറിലെ വിവാഹത്തിൽ പങ്കെടുക്കാൻ സമ്മതിപ്പിച്ചു. സഹോദരിയെയും അവരുടെ സുഹൃത്തിനെയും ഒപ്പം കൂട്ടി. അഹമ്മദ്നഗറിലെത്തി എല്ലാപേരും ആഹാരം കഴിക്കാനൊരുങ്ങി. ഭർത്താവിനുള്ള ഭക്ഷണത്തിൽ ആശ ഉറക്കഗുളികകൾ ചേർത്തു നൽകി. അപ്പോൾ ആ മധ്യവയസ്കയുടെ കൈകൾ വിറയ്ക്കുകയോ കണ്ണുകൾ നിറയുകയോ ചെയ്തില്ല. അവർ തന്നെ സ്നേഹത്തോടെ വാങ്കഡെയ്ക്ക് വിഷം നിറഞ്ഞ ആഹാരം വിളന്പി. അയാൾ ബോധരഹിതനായതോടെ നിലേഷ് ദൗത്യം ഏറ്റെടുത്തു.
വാഹനത്തിൽ കരുതിയ ഇരുന്പ് കന്പി കൊണ്ട് വാങ്കഡെയുടെ ശിരസ്സ് തല്ലിത്തകർത്തു. പിന്നീട് മൂവരും ചേർന്ന് അഹമ്മദ്നഗറിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള കൊടുംവനത്തിൽ മൃതദേഹം കുഴിച്ചിട്ടു. സംഭവത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ആശ ഭർത്താവിനെ കാണാനില്ലെന്ന പരാതി പോലീസിൽ നൽകുന്നത്. ഭർത്താവിനെ ഇത്തരത്തിൽ ജീവിതത്തിൽ നിന്നും ഒഴിവാക്കിയതിനു ആശ പോലീസിനോട് ഒരു ന്യായവും പറഞ്ഞു. ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിനു ശേഷം വാങ്കഡെ അകാരണമായി തന്നെ മർദ്ദിക്കുമായിരുന്നു. സഹിക്കവയ്യാതെയാണ് ഈ അരുംകൊല നടപ്പിലാക്കിയത്.
പക്ഷെ, ആശയ്ക്ക് അവിഹിതബന്ധമുള്ളതായി വാങ്കഡെയ്ക്ക് സംശയമുണ്ടായിരുന്നതായാണ് പോലീസ് നിഗമനം. ഭർത്താവിനെ കൊലപ്പെടുത്താൻ ആശയെ പ്രേരിപ്പിച്ചതും ഇതുതന്നെയാകാം. കൃത്യം ഭംഗിയായി നിർവഹിക്കുന്നതിന് രണ്ടു ലക്ഷം രൂപ സഹോദരിയുടെ സുഹൃത്ത് നിലേഷിന് ആശ വാഗ്ദാനം ചെയ്തിരുന്നു. ഒരു വർഷത്തിനു ശേഷമാണ് പ്രതികളെ പിടികൂടാനായതെങ്കിലും കേസ് തെളിഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് പോലീസ്.
ആശയുടെ സഹോദരിയും വിവാഹിതയാണ്. എന്നാൽ, ഇതുപോലെ ഒരു വർഷമായി ഇദ്ദേഹത്തെയും കാണാനില്ല. ഈ കാണാതാകലിനു പിന്നിലും ആശയുടെയും വന്ദനയുടെയുമൊക്കെ പങ്കുണ്ടോ എന്നതും പോലീസ് ഇപ്പോൾ അന്വേഷിക്കുന്നു.
കുടുംബബന്ധങ്ങൾ തകരുന്നു
മുംബൈയിൽ ഇത്തരം സംഭവങ്ങൾ ആരിലും നടുക്കമുണ്ടാക്കുന്നില്ലെന്നതാണ് വാസ്തവം. ഈയടുത്ത ദിവസമാണ് വസായി പോലീസ് ഒരു യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തത്. കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നതാണ് യുവതിയുടെ പേരിലുള്ള കുറ്റം. അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞതിനെത്തുടർന്നാണ് 35 കാരിയായ സിദ്ധി, കാമുകനുമായി ചേർന്ന് കൊലപാതകം നടത്തിയത്. സംഭവദിവസം രാത്രി ഭർത്താവ് വല്ലാതെ ദേഹോപദ്രവം ചെയ്തുവെന്ന് നാട്ടുകാരെ അറിയിക്കാനെന്നോണം സിദ്ധി അടുത്ത വീട്ടിലേയ്്ക് ഓടിക്കയറി.
അവർ അവളെ ആശ്വസിപ്പിച്ച് അവിടെ തങ്ങാൻ അനുവദിച്ചു. രാവിലെ വീട്ടിലേക്ക് മടങ്ങിയ സിദ്ധി നിലവിളിച്ച് ആളെക്കൂട്ടി. ഓടിയെത്തിയ നാട്ടുകാർ കണ്ടതോ, സിദ്ധിയുടെ ഭർത്താവ് ശശികാന്ത് മഹാദേവ് കാദം (41) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ശശികാന്തിനെ സിദ്ധിയും കാമുകനും ചേർന്ന് ആദ്യം കഴുത്ത് ഞെരിച്ചുകൊന്നു. പിന്നീട് ഒരു ദുപ്പട്ട കഴുത്തിൽ കുരുക്കി വീടിന്റെ സീലിംഗിൽ തൂക്കി. ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ കേസ് തെളിഞ്ഞു. സിദ്ധിയെയും കാമുകനെയും അറസ്റ്റ് ചെയ്തു.
നിർബന്ധിത വിവാഹത്തിന് മാതാപിതാക്കൾ തന്നെ വിധേയമാക്കിയതിനു പ്രതികാരമായി നവവധുവിനെ യുവാവ് കൊലപ്പെടുത്തിയതും ഈയിടെയാണ്. ഉത്തർപ്രദേശിലെ ബരാബാങ്കി സ്വദേശിയായ അസിഫിന്റെയും സബ്രീന്റെയും വിവാഹം ഒരു മാസം മുന്പായിരുന്നു. വിവാഹത്തിനു ശേഷം അസിഫ് സബ്രീനെയും കൂട്ടി മുംബൈയിലേയ്ക്ക് യാത്രയായി. ഇരുവരും അവിടെ ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ചു. ഒഴിഞ്ഞ സ്ഥലത്ത് സബ്രീനെ കഴുത്ത് ഞെരിച്ച് കൊന്നതിനു ശേഷം ഗോരായി ബസ് ഡിപ്പോയ്ക്കു സമീപം ഉപേക്ഷിച്ചു.
ഒളിവിലായിരുന്ന അസിഫിനെ പോലീസ് പിടികൂടി. കുടുംബബന്ധങ്ങൾക്ക് യാതൊരു മൂല്യവും കൽപ്പിക്കാത്ത തരത്തിലുള്ള കാഴ്ചകളാണ് മുംബൈ പോലുള്ള മഹാനഗരങ്ങളിൽ ആവർത്തിക്കുന്നത്. പലതും വളരെ ആസൂത്രിതമായി നടപ്പിലാക്കപ്പെടുന്നു. സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണ് ചില കൊലപാതകങ്ങൾ നടക്കുന്നതെന്ന് പോലീസും സമ്മതിക്കുന്നുണ്ട്.