തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിലെ നടുറോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് മാൻകൊന്പിൽ തീർത്ത കത്തിയിൽ. ചിറക്കര ചന്ദ്രി വില്ലയിൽ സന്ദീപിനെ(28)യാണ് ഭാര്യാപിതാവ് 5,000രൂപ കൊടുത്തുവാങ്ങിയ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയത്.
മകളെ കാണാൻ സ്വന്തം വീട്ടിലേക്ക് അയക്കാത്തതും തന്നെയും തന്റെ ഭാര്യയേയും ഫോണിൽ അസഭ്യം പറഞ്ഞതിനുള്ള വിരോധവുമാണ് മകളുടെ ഭർത്താവിനെ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ സന്ദീപിന്റെ ഭാര്യാപിതാവ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം തിരുമംഗലത്ത് പ്രേമരാജൻ (58) നല്കിയ മൊഴിയിൽ പറയുന്നു.
പ്രേമരാജന്റ തറവാട് വീട് സ്ഥിതിചെയ്യുന്ന മലപ്പുറത്ത് നിന്നാണ് പ്രതി അടയ്ക്ക പൊളിക്കുന്നതിനായുള്ള കത്തി വാങ്ങിയത്. മകളുടെ ഭർത്താവ് തന്നോട് ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത അസഭ്യം പറഞ്ഞതോടെ താൻ ആക്ടീവ സ്കൂട്ടറിൽ സന്ദീപിനെ തേടി കോഴിക്കോടു നിന്നും പുറപ്പെടുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ഇന്നലെ രാവിലെ ഒൻപതോടെ തലശേരി-കൂർഗ് റോഡിൽ ചിറക്കരയ്ക്കു സമീപം പള്ളിത്താഴെയായിരുന്നു സംഭവം. സന്ദീപിന്റെ വീട്ടിലെത്തിയ പ്രേമരാജൻ അല്പം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് വീടിന്റെ 50 മീറ്റർ അകലെയുള്ള തലശേരി-കൂർഗ് റോഡിലേക്കു കൂട്ടിക്കൊണ്ടുവന്ന് നാട്ടുകാർ നോക്കിനിൽക്കേ കഴുത്തിനു കുത്തുകയായിരുന്നുവത്രെ. പ്രേമരാജൻ ഒറ്റകുത്തിനാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കഴുത്തിനേറ്റ എട്ട് സെന്റീമീറ്റർ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കൊലപാതകം നടത്തിയ ശേഷം അറസ്റ്റിലായ പ്രതി താൻ മരുമകനെ കൊലപ്പെടുത്താനല്ല കുത്തിയതെന്നും തന്റെ കുത്ത് കൈയ്ക്കോ മറ്റോ ആയിരുന്നുവെങ്കിൽ അവൻ മരിക്കില്ലായിരുന്നുവെന്ന് കരഞ്ഞുകൊണ്ട് പോലീസിനോട് പറഞ്ഞു. ഇതിനിടെ ഇരുകൂട്ടരുടെയും ബന്ധുക്കൾ പോലീസ് സ്റ്റേഷനിലെത്തിയത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. പ്രേമരാജന്റെ മറ്റൊരു മകനും ഭാര്യയും നിമിഷയെ സന്ദീപിന്റെ വീട്ടിൽ പോയി കാണാൻ ശ്രമിച്ചതും സംഘർഷം സൃഷ്ടിച്ചു.
പ്രേമരാജന്റെ മകൾ നിമിഷയും സന്ദീപും മൂന്നുവർഷം മുന്പാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു.
ശനിയാഴ്ച രാത്രിയിൽ നിമിഷയും സന്ദീപും ഭർതൃമാതാവും തമ്മിൽ വാക്കേറ്റം നടന്നിരുന്നത്രെ. ഈ വിവരമറിഞ്ഞാണ് ഇന്നലെ രാവിലെ പ്രേമരാജൻ സന്ദീപിന്റെ വീട്ടിലെത്തിയത്. ചുമട്ട് തൊഴിലാളിയായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. രാജേന്ദ്രൻ-രഞ്ജിനി ദന്പതികളുടെ മകനാണ് സന്ദീപ്. ഒരു സഹോദരിയുണ്ട്.