ഒറ്റപ്പാലം: അന്പലപ്പാറയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വേങ്ങശേരി ജവാൻ നഗറിൽ അകവണ്ട വളർത്തുകാട് പള്ളിയാലിൽ ബാലന്റെ ഭാര്യ ധനലക്ഷ്മി(40)യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം. വീടിനോടുചേർന്നുള്ള ചാണക കുഴിയിലാണ് കഴുത്തിനേറ്റ ഗുരുതരമായ മുറിവുകളോടെ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ബാലൻ രാവിലെ പാൽ വിൽപ്പനയ്ക്കുപോയി മടങ്ങിവന്നപ്പോഴാണ് കൊലപാതക കാര്യം പുറത്തറിഞ്ഞത്. ബാലന്റെയും ധനലക്ഷ്മിയുടെയും രണ്ടാം വിവാഹമാണ്. വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട വീട്ടിലാണ് ഇവർ കഴിഞ്ഞുവന്നിരുന്നത്. ബന്ധുക്കളുമായി കാര്യമായ ബന്ധവും ഉണ്ടായിരുന്നില്ല. നല്ലരീതിയിൽ തന്നെയാണ് ഇവർ ജീവിച്ചുവന്നതെന്ന് നാട്ടുകാർ പറയുന്നു.
ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാലൻ പാൽവിൽപ്പന കഴിഞ്ഞുവരുന്പോൾ രണ്ടു യുവാക്കൾ ബൈക്കിൽ ഇവരുടെ വീടിനു സമീപത്തുകൂടി കടന്നുപോയെന്ന് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല. ധനലക്ഷ്മിയുടെ വാരിയെല്ലിനും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.
ഒറ്റപ്പാലത്ത് വെട്ടിക്കൊന്നു, ഹരിപ്പാട്ട് കഴുത്തറുത്തു
ഹരിപ്പാട്: യുവതിയെ കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. മാവേലിക്കര കറ്റാനം സ്വദേശി ലക്ഷ്മി (35)യെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കാണപ്പെട്ടത്. ഹരിപ്പാട് മാധവ ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവുചെയ്യാനായി പള്ളിപ്പാട് സ്വദേശിയായ ഒരാളെ വേണു വിളിച്ചുവരുത്തിയിരുന്നു.
മറവ് ചെയ്യേണ്ടത് മൃതദേഹമാണെന്ന് മനസിലായതിനെത്തുടർന്ന് പള്ളിപ്പാട് സ്വദേശി ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തി വിവരം നൽകുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.