ഹൈദരാബാദ്: സവർണ ജാതിയിൽപെട്ട യുവതിയെ വിവാഹം ചെയ്ത യുവാവിനെ ഭാര്യാപിതാവ് കൊലപ്പെടുത്തി. ഭാര്യയുടെ മുന്നിൽവച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. അംബോജി നരേഷ് (23) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒരു മാസമായി ഒളിവിലായിരുന്ന നരേഷിനെ ഭാര്യ തുമാല സ്വാതി (20)യെ ഉപയോഗിച്ച് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. സ്വാതിയെ ഭീഷണിപ്പെടുത്തിയാണ് നരേഷിനെ വിളിച്ചുവരുത്തിയത്.
സ്വാതിയുടെ പിതാവ് ശ്രീനിവാസ റെഡ്ഡിയാണ് കൊല നടത്തിയത്. കഴിഞ്ഞ മെയ് രണ്ടിനായിരുന്നു സംഭവം. ശ്രീനിവാസ റെഡ്ഡിയും ഇയാളുടെ സഹോദരനും അനന്തിരവനും ചേർന്നാണ് നരേഷിനെ കൊലപ്പെടുത്തിയത്. നരേഷിനെ കൊന്നതിനു ശേഷം മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. സംഭവത്തിൽ മനംനൊന്ത് കഴിഞ്ഞ 15 ന് സ്വാതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
മകനെ കാണാതായതിനെ തുടർന്ന് നരേഷിന്റെ മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് അന്വേഷണത്തിൽ ശ്രീനിവാസ റെഡ്ഡി നരേഷിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
രണ്ടു മാസം മുമ്പാണ് നരേഷും സ്വാതിയും മുംബൈയിൽ വിവാഹിതരായത്. വിവാഹത്തിനു രണ്ടു ദിവസങ്ങൾക്കു ശേഷം ദമ്പതികളെ നാട്ടിലേക്ക് വിളിച്ചുവരുത്തി. നരേഷിന്റെ അമ്മാവൻ പോലീസ് കസ്റ്റഡിയിലാണെന്നും നരേഷും സ്വാതിയും തിരിച്ചെത്തിയാൽ മാത്രമേ പോലീസ് വിട്ടയക്കുവെന്നും അറിയിച്ചതിനെ തുടർന്നാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. മുംബൈയിൽനിന്നും വരുന്നവഴിയിൽ ഭോൻഗിറിൽവച്ച് നരേഷിനെ കാണാതായി. സ്വാതിയെ ഇവരുടെ വീട്ടുകാർ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.