കഴക്കൂട്ടം: ആറും പത്തും വയസുള്ള മക്കളെ ക്രൂരമായി കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ.
വിതുര സ്വദേശിയും കണ്ണമൂല ചെന്നിലോട് കെവിആർഎ 35 സ്നേഹഭവനിൽ ഷിബി യാണ് മക്കളായ ഫെബിന, ഫെബിൻ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. റെയിൽവെ ഗാംഗ്മാൻ അറിയിച്ചത് അനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.
കൈ അറ്റുപോയ മൃതദേഹത്തിനായി പോലീസും ഫയർ ഫോഴ്സും പരിസര പ്രദേശങ്ങളിലും വേളി കായലിലും ഉൾപ്പെടെ നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഫയർ ഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരാണ് വേളി കായലിലെ കുളവാഴയിൽ കുരുങ്ങി കായലിൽ താണ്കിടന്ന ഷിബിയുടെ മൃതദേഹം കണ്ടെത്തിയത്.
സൈന്റിഫിക് വിദഗ്ധ ആർ. നിഷ, വിരലടയാള വിദഗ്ധൻ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ തെളിവെടുപ്പ് നടത്തി മൃതദേഹത്തിനു സമീപത്തു നിന്നായി ഒരു സ്കൂൾ ബാഗും കുട്ടികളെ കൊലപ്പെടുത്താനുപയോഗിച്ച വെട്ടുകത്തിയും പാലത്തിനു സമീപം വഴിയിൽ ഇവർ വന്ന ബുള്ളറ്റും പോലീസ് കണ്ടെടുത്തു. മരണമടഞ്ഞ ഫെബിന നാലാം ക്ലാസിലും ഫെബിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.
ഷെബിനും ഭാര്യ ഹന്നയും തമ്മിൽ കുടുംബ പ്രശ്നങ്ങളെത്തുടർന്നു മാസങ്ങളായിപിണങ്ങിക്കഴിയുകയായിരുന്നു. കുട്ടികൾ ഹന്നയോടൊപ്പം ചെന്നിലോടാണു കഴിഞ്ഞിരുന്നത് വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി ഷിബിൻ ചെന്നിലോടെത്തി കുട്ടികളെ പള്ളിയിൽ പോകാനായി വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോയിരുന്നു. രാത്രി വൈകിയും കാണാത്തതിനെത്തുടർന്ന് ഹന്ന കുട്ടികളെ കാണാനില്ല എന്നു കാണിച്ചു പോലീസിൽ പരാതി നൽകിയിരുന്നു .
സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ, കഴക്കൂട്ടം സൈബർ സിറ്റി അസി . കമ്മീഷണർ ഏ .പ്രമോദ് കുമാർ ,സിഐ സി .അജയകുമാർ ,തുമ്പ എസ്ഐ സനോജ് ,പേട്ട എസ് ഐ ചന്ദ്രബോസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം മേൽ നടപടികൾ സ്വീകരിച്ചു കുട്ടികളുടേ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് മൃതദേഹം വീട്ടിൽ എത്തിക്കും. ഷിബിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്.