ചാത്തന്നൂർ: ഇത്തിക്കര കൊച്ചു പാലത്തിന് സമീപം റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയും ഭർത്താവും സുഹൃത്തും അറസ്റ്റിലായി. ഓച്ചിറ കുറുങ്ങപ്പള്ളി കാർത്തികയിൽ രഞ്ജിത് (29), ഇയാളുടെ ഭാര്യ ദേവു(28)ഓച്ചിറ കൊറ്റപ്പള്ളി താതര വീട്ടിൽ കണ്ണൻ എന്നു വിളിക്കുന്ന ഗോപകുമാർ(43) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചേയാണ് വവ്വാക്കാവ് കുലശേഖരപുരം കുറുങ്ങപ്പള്ളി സുൽഫി മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രന്റെ മകൻ ഷൈമോനെ (25) ഇത്തിക്കര കൊച്ചു പാലത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മദ്യപിച്ച് വീട്ടിലെത്തി സഹോദരിയെ ശല്യം ചെയ്യുന്നതിനാലാണ് ഇയാളെ കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്.ഇതിനായി പലർക്കും ക്വട്ടേഷൻ നൽകിയെങ്കിലും ആരും തയാറാകാത്തതിനെ തുടർന്ന് 50,000 രൂപ നൽകിയാൽ താൻ കൊല നടത്താമെന്ന് ഗോപകുമാർ രഞ്ജിത്തിനോട് പറയുകയും അതിനുള്ള പദ്ധതികൾ തയാറാക്കുകയുമായിരുന്നു.
ഇതനുസരിച്ച് ഷൈമോന് മദ്യം നൽകിയ ശേഷം കണ്ണന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിടിയിലായ പ്രതികൾ പോലീസിനോട് പറഞ്ഞു.ഷൈമോന്റെ മുണ്ട് ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്.
തുടർന്ന് ഷൈമോന്റെ മൃതദേഹം കാറിൽ കയറ്റി ദേശീയപാതയിൽ ആളൊഴിഞ്ഞ ഇത്തിക്കരയിലെ കൊച്ചു പാലത്തിനടുത്തെത്തി റോഡിൽ ഉപേക്ഷിച്ചു കടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചാത്തന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം അറിയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രിയിൽ ഒരു കാർ സംഭവസ്ഥലത്തു നിന്നും പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അടുത്തുള്ള വീട്ടിലെ സിസിടിവിയിൽ നിന്നും കാറിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇതാണ് പ്രതികൾ പിടിയിലാകാൻ കാരണമായത്.
മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ സ്വർണ ചെയിൻ ഒന്നാം പ്രതിയായ ഗോപകുമാറിന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തിക്കരയിൽ മ്യതദേഹം ഉപേക്ഷിച്ചിട്ടു പോകുമ്പോഴാണ് മരിച്ച ഷൈമോന്റെ മുണ്ട് കാറിനുള്ളിൽ കണ്ടത്. ഇത് ഇത്തിക്കര പാലത്തിൽ നിന്നും താഴേക്ക് ഇട്ടെങ്കിലും പാലത്തിന്റെ കൈവരിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ലാ പോലീസ് മേധാവി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ ചാത്തന്നൂർ എസിപി ജവഹർ ജനാർദ്, കൊട്ടിയം സിഐ അജയ് നാഥ്, ചാത്തന്നൂർ എസ്ഐ നിസാർ, പോലീസ് ഉദ്യോഗസ്ഥരായ അശോക് കുമാർ, ഹരിലാൽ, ബിനോയ്, സുനിൽകുമാർ, ഷാജി, സന്തോഷ്, വനിതാ സിപിഒ സുജി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.സംഭവം നടന്നത് ഓച്ചിറ പോലീസ് സ്റ്റേഷന്റെ പരിധിയിലായതിനാൽ തുടർ അന്വേഷണത്തിനായി കേസ്കരുനാഗപ്പള്ളി പോലീസിന് കൈമാറുമെന്ന് ചാത്തന്നൂർ എസിപി ജവഹർ ജനാർദ് പറഞ്ഞു.