കൊച്ചി: എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള അംബേദ്കർ സ്റ്റേഡിയത്തിൽ ബംഗാൾ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾക്കെതിരേ മുന്‍പും വിവിധ സ്റ്റേഷനുകളിൽ കേസുണ്ടായിരുന്നതായി പോലീസ്.
പ്രതികൾക്ക് ചാവക്കാട് സ്റ്റേഷനിലും കുത്തിയതോട് സ്റ്റേഷനിലും മോഷണം, മയക്കുമരുന്ന് തുടങ്ങിയ കേസുകളുണ്ടായിരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ 17ന് പുലർച്ചെ 12.15ന് ബംഗാൾ സ്വദേശിയായ ഫിറാജ് കിഷൻ എന്നയാളെ അംബേദ്കർ സ്റ്റേഡിയത്തിൽവച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ തൃശൂർ ചാവക്കാട് അഞ്ചങ്ങാടി വില്ലേജിൽ തട്ടാപ്പ് പുത്തൻവീട്ടിൽ അജ്മൽ (25), ചേർത്തല തുറവൂർ തിരുമല ഭാഗം പുന്നക്കൽ വീട്ടിൽ ക്രിസ്റ്റൻ ഷാരോണ്‍ (19) എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്.
രാത്രി സമയങ്ങളിൽ കെഎസ്ആർടിസി, സൗത്ത് റെയിൽവെ പരിസരങ്ങൾ കറങ്ങി നടക്കുകയും പിടിച്ചുപറിയും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തുവന്നിവരാണ് ഇവരെന്നും പോലീസ് പറയുന്നു. മരിച്ച ഫിറാജ് കിഷനെ പരിശോധിച്ചപ്പോൾ ശരീരത്തിൽ കാണപ്പെട്ട കോണ്ടമാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായതെന്ന് അധികൃതർ പറയുന്നു.
ഇടുക്കി തോപ്രാംകുടിയിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്ന ഫിറോജ് കിഷൻ നാട്ടിൽ പോകുന്നതിനായി എറണാകുളത്ത് എത്തിയതായിരുന്നു. ഈ സമയം ഇയാളെ സമീപിച്ച പ്രതികൾ അനാശാസ്യത്തിന് സ്ത്രീകളെ ഏർപ്പെടുത്താമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. സ്റ്റാൻഡിന് സമീപത്തെ അംബേദ്കർ സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് എത്തിച്ച് ഒരു ട്രാൻസ്ജെൻഡറെയാണ് പ്രതികൾ തരപ്പെടുത്തി നൽകിയത്. ഇതിനിടെ ഫിറാജിന്റെ കഴുത്തിൽ കത്തി വെച്ച് പണം ആവശ്യപ്പെട്ടു. പ്രതികളെ അറിയാവുന്ന ട്രാൻസ്ജെൻഡർ ഉടനെ ഓടി രക്ഷപ്പെട്ടു.
എതിർത്തതോടെ ഫിറാജിന്റെ നെഞ്ചത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. കുത്തുകൊണ്ട ഫിറോജ് ഓടി കെഎസ്ആർടിസി. എയിഡ് പോസ്റ്റിലെത്തി പോലിസുകാരനോട് വിവരം പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. നഗരത്തിലെ നൂറിലധികം ട്രാൻസ്ജെൻഡർമാരെ ചോദ്യം ചെയ്തതിൽനിന്നുമാണു സംഭവം നടന്ന ഭാഗത്തുനിന്നുള്ള ട്രാൻസ്ജെൻഡറെ കണ്ടെത്തിയതെന്നു പോലിസ് പറഞ്ഞു. പിന്നീട് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
എറണാകുളം എസിപി കെ. ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്. സനൽ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിബിൻ ദാസ്, കിരണ്‍ സി. നായർ, എഎസ്ഐമാരായ കെ.ടി. മണി, വിനോദ് കൃഷ്ണ, ഇ.എം. ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് രഞ്ജിത്ത്, മനോജ്, ഇഗ്നേഷ്യസ്, സിവിൽ പോലീസ് ഓഫീസർമാരായ ഇസഹാക്ക്, അജിലേഷ്, നിഷാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തെ തുടർന്ന് സമീപ ദിവസങ്ങളിൽ ട്രാൻസ്ജെൻഡർമാർ ഉൾപ്പെട്ട പല കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.