തിരൂരങ്ങാടി: യുവാവ് റോഡരികില്‍ വെട്ടേറ്റു മരിച്ച നിലയില്‍. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്തു കൊടിഞ്ഞി ഫാറൂഖ് നഗറിലെ അനന്തകൃഷ്ണന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ എന്ന ഫൈസലി(33)നെയാണ് ദേഹമാകെ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടു സമീപത്തെ മസ്ജിദില്‍ നമസ്കാരത്തിനെത്തിയവരാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്.
ഭാര്യയുടെ മാതാപിതാക്കള്‍ നാട്ടിലേക്കു വരുന്നുണ്ടെന്നറിഞ്ഞു സ്വന്തമായുള്ള സ്വകാര്യ ഓട്ടോയില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു അവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയായിരുന്നു ഫൈസല്‍. ഇതിനിടെ പിന്തുടര്‍ന്നെത്തിയ ബൈക്കിലെത്തിയ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.
അനില്‍കുമാര്‍ ആറു മാസം മുമ്പ് ഗള്‍ഫില്‍ വച്ച് ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നു ഫൈസലിനു കടുത്ത ഭീഷണിയുണ്ടായിരുന്നു. ഫൈസലിനു ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. അവധിക്കു നാട്ടിലെത്തിയ ഫൈസല്‍ നാളെ തിരിച്ചുപോകാന്‍ ഇരിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ എന്താണെന്നും ഏങ്ങനെയാണ് ഫൈസല്‍ കൊല്ലപ്പെട്ടതെന്നും വ്യക്തമായിട്ടില്ല.
ഫൈസലിന്റെ മരണത്തെത്തുടര്‍ന്നു കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ഇന്നു ഹാര്‍ത്തല്‍ ആചരിക്കുകയാണ്. വിവരമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ചെമ്മാട് -തിരൂര്‍ റൂട്ടില്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്‌റ, മലപ്പുറം ഡിവൈഎസ്പി പി.എം. പ്രദീപ്കുമാര്‍, തിരൂരങ്ങാടി സിഐ, എസ്‌ഐ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.