തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞിയില്‍ മതം മാറിയ യുവാവിനെ യുവാവിനെ വെട്ടിക്കൊന്നതിനു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് പൊലീസ്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്ന വിവരം മനസ്സിലാക്കിയാണു കൊലപാതകം നടപ്പാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. മകനെ ചതിച്ചത് അടുത്ത ബന്ധുക്കളിലാരോ ആണെന്ന് കൊല്ലപ്പെട്ട ഫൈസലിന്റെ അമ്മ മീനാക്ഷി പറയുന്നു.
ഭാര്യയുടെ ബന്ധുക്കളെ റെയില്‍വെ സ്റ്റേഷനില്‍നിന്നു കൊണ്ടുവരാന്‍പോകുന്നത് അറിയാമായിരുന്നത് അടുത്ത ബന്ധുക്കള്‍ക്കു മാത്രമായിരുന്നു. ഈ വിവരം അക്രമിസംഘത്തിനു ചോര്‍ത്തിക്കൊടുത്തതായും അവര്‍ പറയുന്നു. തന്നോടും സഹോദരിമാരോടും സമ്മതം ചോദിച്ചാണു മതം മാറിയത്. അതിനുശേഷവും അടുത്ത ബന്ധമായിരുന്നുവെന്നും മീനാക്ഷി പറഞ്ഞു.
പുലര്‍ച്ചെ അഞ്ചിനാണ് ഓട്ടോയുമായി ഫൈസല്‍ പാലാ പാര്‍ക്കിലെ വാടക വീട്ടില്‍നിന്നു പോകുന്നത്. 5.05ന് ഫാറൂഖ്നഗറില്‍ എത്തിയതായി സിസിടിവിയില്‍ കാണാം. കൊലപാതകം ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നടപ്പാക്കിയെന്നാണു പൊലീസ് കരുതുന്നത്. ബാങ്ക്വിളിക്കാനായി പള്ളിയിലേക്കു വന്ന ഇമാമാണു മൃതദേഹം ആദ്യം കാണുന്നത്.
മൃതദേഹത്തിന്റെ അടുത്ത് ഹെഡ്ലൈറ്റിട്ട നിലയിലായിരുന്നു ഓട്ടോയും. ഇയാളുടെ ചെരിപ്പുകള്‍ ഓട്ടോയില്‍ നിന്നു കണ്ടെടുത്തു. മൃതദേഹം കാണപ്പെട്ടതിന്റെ തൊട്ടടുത്ത കോഴിക്കടയില്‍ ആളുകളുണ്ടായിരുന്നിട്ടും അവര്‍ ബഹളം കേട്ടില്ല എന്നാണു പറയുന്നത്. കൊലപാതകം മറ്റെവിടെയെങ്കിലും നടത്തി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാവാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിക്കുമെന്നാണു സൂചന.
മകന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അമ്മ മീനാക്ഷിയും അച്ഛന് കൃഷ്ണന് നായരും ഭാര്യ ജസ്നയും ഇവരുടെ അച്ഛനും അമ്മയും സഹോദരിയും മക്കളും എത്തിയിരുന്നു. മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ കബറടക്കി.