അടിമാലി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നു യുവാവ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ടു ഇയാളുടെ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആദിവാസിക്കുടിയായ കുതിരളയിൽ ശശിയെന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അമ്മാവൻ രാജനാണ് അറസ്റ്റിലായത്.
പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകുന്നേരം മദ്യംവാങ്ങിയ ശേഷം ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചു. തുടർന്ന് 50 രൂപയുടെ തർക്കത്തെ തുടർന്ന് ശശിയെ തോർത്തു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വെയിറ്റിംഗ് ഷെഡിന്റെ പുറകിൽ തള്ളി.
തുടർന്നു പ്രതി വീട്ടിൽ പോയി ഉറങ്ങി. പുലർച്ചെ വെയിറ്റിംഗ് ഷെഡിനു പിറകിൽ മൃതദേഹം കണ്ട നാട്ടുകാർ അടിമാലി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അടിമാലി പോലീസ് സ്ഥലത്തെത്തി അമ്മാവൻ രാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തിന് എസ്ഐ സജീവൻ സന്തോഷ് നേതൃത്വം നൽകി.