സ്വന്തം ലേഖിക
കൊച്ചി: കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ശക്തമായ പോലീസ് കാവലിലാണെന്ന് പോലീസ് ഉന്നതർ അവകാശപ്പെടുന്പോഴും നഗരത്തിൽ വീണ്ടും കൊലപാതകം ആവർത്തിക്കപ്പെടുന്നു.
ഇന്നു പുലർച്ചെ അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പാലക്കാട് സ്വദേശി സന്തോഷ് (41) ആണ് കുത്തേറ്റു മരിച്ചത്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് നഗരത്തിൽ വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്.
കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും എല്ലാ പോലീസുകാരും ബീറ്റ് ഓഫീസർമാർ ആകാനുള്ള പുതിയ പരിഷ്ക്കാരത്തിനൊരുങ്ങുന്ന കൊച്ചി സിറ്റി പോലീസ് വീണ്ടും ഉണ്ടായ കൊലപാതകത്തിൽ പകച്ചു നിൽക്കുകയാണ്.
2022 ഓഗസ്റ്റ് രണ്ടാം വാരം മുതൽ ഒടുവിൽ കഴിഞ്ഞ ഒക്ടോബറിൽ നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമിയുടെ കൊലപാതകം വരെ എത്തി നിൽക്കുന്നതായിരുന്നു നഗരത്തെ നടുക്കിയ കൊലപാതക പരന്പര.
ഈ കേസുകളിലെല്ലാം പ്രതിയെ കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നു. ലഹരിയും വാക്കു തർക്കവുമൊക്കെയായിരുന്നു പല കേസുകളിലും കൊലപാതകത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് പത്തിന് രാത്രി ഒന്പതിനായിരുന്നു നഗരത്തിലെ ആദ്യ കൊലപാതകം നടന്നത്. നോർത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ കൊല്ലം സ്വദേശി എഡിസണ് എന്നയാളെ മുളവുകാട് സ്വദേശി സുരേഷ് ആണ് കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സുരേഷിനെ കഴിഞ്ഞ ഡിസംബർ നാലിനാണ് പിടികൂടിയത്.തുടർന്ന് ഓഗസ്റ്റ് 14ന് പുലർച്ചെ 2.30ന് എറണാകുളം സൗത്തിൽ ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിന്ന വരാപ്പുഴ സ്വദേശി ശ്യാം ശിവാനന്ദനെ വാക്കു തർക്കത്തിനിടെ നെട്ടൂർ സ്വദേശി ഹർഷാദ് കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിലായിരുന്നു.
17 ന് മൂന്നാമത്തെ കൊലപാതകം നടന്നത് . കാക്കനാട് ഫ്ളാറ്റിൽ ഒരുമിച്ച് താമസിച്ചിരുന്ന യുവാക്കളിൽ രണ്ട് പേർ ലഹരിയുമായി ബന്ധപ്പെട്ട് തർക്കത്തിലേർപ്പെടുകയും തുടർന്ന് കോഴിക്കോട് സ്വദേശി അർഷാദ് മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെ കൊലപ്പെടുത്തുകയുമായിരുന്നു.
അർഷാദിനെ പോലീസ് മഞ്ചേശ്വരത്തുനിന്നും പിടികൂടിയിരുന്നു.28 ന് നെട്ടൂരിൽ നടന്ന നാലാമത്തെ കൊലപാതകത്തിൽ പച്ചക്കറി മാർക്കറ്റിനു സമീപം ഭാര്യയുടെ സുഹൃത്തായ യുവാവിനെ ഭർത്താവ് ഇരുന്പുദണ്ഡിന് അടിച്ചു കൊല്ലുകയായിരുന്നു.
പാലക്കാട് കൊടുന്തരപ്പള്ളി വടശ്ശേരിത്തൊടി വീട്ടിൽ അജയ് കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പാലക്കാട് പുതുശേരി സ്വദേശി സുരേഷ് അയ്യപ്പനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു.
സെപ്റ്റംബർ 10ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ലൂരിലെ വീട്ടിൽ വീടു കയറി ആക്രമിക്കാനെത്തിയ വെണ്ണല സ്വദേശി സജുൻ സഹീർ(28)ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കലൂർ സ്വദേശി കിരണ് ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
17ന് നടന്ന ആറാമത്തെ കൊലപാതകത്തിൽ ഇരുന്പനത്ത് കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വരിക്കോലി ചെമ്മനാട് സ്വദേശി പ്രവീണ് ഫ്രാൻസിസ്(42) മരിച്ചു. സംഭവത്തിൽ തൃപ്പൂണിത്തുറ സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
24ന് ആണ് ഏഴാമത്തെ കൊലപാതകം നടക്കുന്നത്. കലൂരിൽ ഗാനമേളയ്ക്കിടെ കൊച്ചി പനയപ്പിള്ളി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടർന്ന് ഒളിവിൽപ്പോയ കേസിലെ മുഖ്യപ്രതി കാസർഗോഡ് സ്വദേശി കെ.എ. മുഹമ്മദ് ഹസനെ പോലീസ് കർണാടകയിൽ നിന്നും പിടികൂടിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 26 ന് കടവന്ത്രയിൽ നേപ്പാൾ സ്വദേശിനിയായ ഭഗീരഥി ഥാമിയെ കൊലപ്പെടുത്തി പ്ലാസറ്റിക് കവറുകളിലാക്കി ഒളിപ്പിച്ചതാണ് ഏറ്റവും ഒടുവിലുണ്ടായ കൊലപാതകം.
ഈ കേസിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന നേപ്പാൾ സ്വദേശി റാം ബഹദൂർ ബിസ്തിനെ നേപ്പാളിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ ഇപ്പോൾ നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിലാണ്.