ചേർത്തല: പ്ലസ് ടു വിദ്യാർഥിയെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലായ പ്രതികളെ റിമാൻഡു ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് 10-ാം വാർഡിൽ കളപ്പുരയ്ക്കൽ നികർത്തിൽ അശോകന്റെ മകൻ അനന്തു അശോക് (17) ആണ് മർദ്ദനമേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതികളായ 16 പേരെയാണ് പോലീസ് പിടികൂടിയത്. ഇതിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഒന്നാം പ്രതി വയലാർ പഞ്ചായത്ത് 13-ാം വാർഡ് തൈവീട്ടിൽ ആർ.ശ്രീകുട്ടൻ(23) ആർഎസ്എസ് വയലാർ മണ്ഡലം ശാരീരിക പ്രമുഖാണ്.
വയലാർ പഞ്ചായത്ത് മൂന്നാം വാർഡ് പാറേഴത്ത് നികർത്തിൽ അതുൽ സുഖാർനോ(19),ആറാം വാർഡ് വിഷ്ണുനിവാസിൽ എം.ഹരികൃഷ്ണൻ (23),ചക്കുവെളി വീട്ടിൽ യു.സംഗീത് (കണ്ണൻ-19), വേന്തന്പിൽ വീട്ടിൽ എം.മിഥുൻ (19),കുറുപ്പന്തോടത്ത് എസ്.അനന്തു(20),ഐകരവെളി ഡി.ദീപക്(23), പുതിയേക്കൽ വീട്ടിൽ ആർ.രാഹുൽ(മനു-20), ചക്കുവെളി യു.ഉണ്ണികൃഷ്ണൻ (22), എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. രണ്ടാം പ്രതി ബാലമുരളി ഒളിവിലാണ്.
സ്കൂളിലെ പെണ്കുട്ടികളെ ശല്യം ചെയ്യുന്നതിനെ എതിർത്തതാണ് തർക്കത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു.അനന്തുവും സുഹൃത്തുക്കളായ അരുണ്,രാഹുൽ പ്രസാദ് എന്നിവരാണ് ഇതിനെ എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ഇതിനെചൊല്ലി പിന്നീട് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.കൊല്ലപ്പള്ളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇരുസംഘങ്ങളും വീണ്ടും തർക്കമുണ്ടാവുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.തുടർന്നാണ് അനന്തുവിനെയും സുഹൃത്തുക്കളെയും ആക്രമിക്കുവാൻ ഇവർ ആസൂത്രണം നടത്തിയത്.
കൊല നടന്ന ദിവസം രാവിലെ മൂന്ന് ബൈക്കുകളിലായി അക്രമിസംഘം അനന്തുവിന്റെയും സുഹൃത്ത് രാഹുലിന്റെയും വീടിന് സമീപം എത്തിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.അന്ന് രാത്രി നീലിമംഗലം ക്ഷേത്രത്തിന് സമീപം എത്തിയ അക്രമിസംഘം രണ്ടാംപ്രതിയുടെ സുഹൃത്തിനെ വിട്ട് അനന്തുവിനോട് സ്കൂളിൽ നിന്ന് പിരിയുന്നതിന്റെ പാർട്ടി സുഹൃത്തിന്റെ വീട്ടിൽ നടക്കുന്നുണ്ടെന്നും എത്തണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇതേ സുഹൃത്തുതന്നെ സൂക്ഷിക്കണമെന്ന സൂചന നൽകിയതിനാൽ അനന്തു പോയില്ല.ഇതിനിടെ അനന്തുവും രണ്ട് സുഹൃത്തുക്കളുമായി ക്ഷേത്രത്തിലേയ്ക്ക് വരുന്നതിനിടെ അക്രമി സംഘത്തിന്റെ മുന്നിൽ അകപ്പെടുകയായിരുന്നു.അക്രമികളെ കണ്ട് അനന്തുവിനൊപ്പമുണ്ടായിരുന്ന രാഹുലും അരുണും ഓടിരക്ഷപ്പെട്ടു.
തുടർന്ന് അക്രമി സംഘം അനന്തുവിനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഡിവൈഎസ്പി വൈ.ആർ റസ്റ്റം പറഞ്ഞു. അനന്തുവിന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരെ പ്രതികൾ ഭീഷണിപ്പെടുത്തിയ ശേഷം 17 പേരും അഞ്ച് ബൈക്കുകളിലായി രക്ഷപ്പെടുകയായിരുന്നെന്ന് സിഐ വി.പി. മാഹൻലാലും എസ്ഐ സി.സി.പ്രതാപചന്ദ്രനും പറഞ്ഞു.
കേസിലെ 10 പ്രതികളെ സംഭവം നടന്ന ദിവസം തന്നെ പിടികൂടിയിരുന്നു. മറ്റ് പ്രതികൾ ഇന്നലെ കീഴടങ്ങി.
പ്രതികൾക്ക് ലഹരിമരുന്ന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവ ദിവസം പിടികൂടിയ കുട്ടികുറ്റവാളികളായ നാലു പേരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ചുമതലയുള്ള ചേർത്തല സെക്കന്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിലും പ്രായ പൂർത്തിയായ പ്രതികളായ മിഥുൻ,അതുൽ സുഖാർനോ,അനന്തു,സംഗീത്,ഹരികൃഷ്ണൻ,രാഹൂൽ എന്നിവരെ ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്കോടിയിലും ഹാജരാക്കി. ഇവരെ കോടതി റിമാൻഡ് ചെയ്തു