കയ്പമംഗലം (തൃശൂർ): കയ്പമംഗലത്ത് യുവാവിനെ മർദിച്ചു കൊന്നതിനുശേഷം ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്.
കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തി ഉപേക്ഷിക്കുകയായിരുന്നെന്ന് പറയുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് തെരയുകയാണ്. ഐസ് ഫാക്ടറി ഉടമയും കൂടെ സുഹൃത്തുക്കളുമായ മറ്റുരണ്ടുപേരാണ് കേസിലെ പ്രതികളെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തായ ശശാങ്കനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി.
കാറിൽ വച്ച് ശശാങ്കനും മർദനമേറ്റു. വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദിച്ചു. അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ആംബുലൻസിനെ കാറിൽ പിൻതുടരാമെന്ന് പറഞ്ഞ് പ്രതികള്‍ മുങ്ങുകയായിരുന്നെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി പോലീസ് പറഞ്ഞു. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. മൃതദേഹം പോലീസ് മെഡിക്കൽ കോളജിലേക്ക് മാറ്റി.