കൈപ്പമംഗലം (തൃശൂർ): കോയന്പത്തൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി ഉപേക്ഷിച്ച് മുങ്ങിയ കേസിൽ അഞ്ചുപേർ കസ്റ്റഡിയിൽ.
കൈപ്പമംഗലം, കണ്ണൂർ സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. ഇതിൽ മൂന്നുപേർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. കണ്ണൂർ, കോഴിക്കോട് മേഖലയിൽ പോലീസ് സംഘം മുഖ്യപ്രതികളടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഇപ്പോൾ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.
ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കൊലപാതകത്തിന് കേസെടുക്കുക. ഇതിനു ശേഷമായിരിക്കും പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുക.
അരുണിന്റെ ബന്ധുക്കൾ തൃശൂരിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇറിഡിയം-റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക ഇടപാടാണ് അരുണിന്റെ കൊലപാതകത്തിലേക്കു നയിച്ചിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തൽ.