കൻസാസ്: അമേരിക്കയിൽ ഇന്ത്യക്കാരനായ യുവ എൻജിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോട്ല(32)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹത്ത് വാറംഗൽ സ്വദേശി അലോക് മഡസാനിക്കും (32) വെടിയേറ്റു. വെടിവയ്പിൽ പരിക്കേറ്റ ശ്രീനിവാസിനെയും അലോകിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീനിവാസിനെ രക്ഷിക്കാനായില്ല. മഡസാനിയെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.15 ന് കൻസാസ് ഒലാതെയിലെ ബാറിലായിരുന്നു സംഭവം. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട് യുഎസ് പൗരനായ മുൻ നേവി ഉദ്യോഗസ്ഥൻ ആദം പുരിൻടൺ ആണ് വെടിവച്ചത്. വെടിവയ്പ് തടഞ്ഞ യുഎസ് പൗരനായ ഇയാൻ ഗ്രില്ലോട്ടിനും പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പ്രതി ആദം ഇവിടെനിന്നും കടന്നു കളഞ്ഞു. അഞ്ചു മണിക്കൂറത്തെ തെരച്ചിലിനു ശേഷം മിസോറിയിൽനിന്നും ഇയാളെ പോലീസ് പിടികൂടി.
ശ്രീനിവാസ് കുച്ചിബോട്ല കൻസാസിലെ ഒലാതെയിൽ ഗാർമിൻ ഹെഡ്ക്വാട്ടേഴ്സിൽ ജിപിഎസ് സിസ്റ്റംസ് നിർമിക്കുന്ന കന്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. 2014 ൽ ആണ് ശ്രീനിവാസ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സുനയന ദുമലയും ഇവിടെ ഒരു കന്പനിയിൽ ജോലി ചെയ്തുവരികയാണ്. സംഭവം അറിഞ്ഞയുടനെ ഇന്ത്യൻ എംബസി രണ്ട് ഉദ്യോഗസ്ഥരെ കൻസാസിലേക്ക് അയച്ചു.