ചേർത്തല: പ്ലസ് ടു വിദ്യാർഥിയുടെ മരണം രാഷട്രീയ വൈരാഗ്യമാണെന്ന് എൽഡിഎഫിന്റെ ആരോപണം പോലീസ് നിഷേധിച്ചത് അവർക്ക് ക്ഷീണമായി. വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് കളപുരക്കൽ നികർത്തിൽ അശോകന്റെ(ബിഎസ്എൻഎൽ ജിവനക്കാരൻ) മകൻ അനന്തു അശോക് (17) അണ് കഴിഞ്ഞദിവസം മർദ്ദനമേറ്റ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ നാലുപേർ 18 വയസിൽ താഴെയുള്ളവരാണ്. വയലാർ സ്വദേശികളായ അതുൽ (19),സംഗീത് (19),മിഥുൻ(19),അനന്തു (20),രാഹുൽ (20),ഹരികൃഷ്ണൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വയലാർ നീലിമംഗലത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ സുഹത്തക്കളോടൊപ്പം എത്തിയതായിരുന്നു അനന്തു.
ക്ഷേത്രത്തിനുസമീപമുള്ള റോഡിൽവച്ച് അക്രമി സംഘം അനന്തുവിനെയും കൂട്ടുകാരെയും ആക്രമിക്കുകയായിരുന്നു. എന്നാൽ കൂട്ടുകാർ ഓടി രക്ഷപെട്ടു. പിന്നീട് ഇവർ നാട്ടുകാരെ സംഘടിപ്പിച്ചെത്തിയപ്പോഴെക്കും അക്രമികൾ കടന്നുകളഞ്ഞു. അക്രമികളുടെ ചവിട്ടും മർദ്ദനവുമേറ്റ് അബോധാവസ്ഥയിലായ അനന്തുവിനെ ബൈക്കിൽ നടുക്കിരുത്തി ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പത്തോളം പേരെ ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അനന്തു ആർഎസ്എസ് പ്രവർത്തകനായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിൽ നിന്നും വിട്ടുനിൽക്കുന്നതിനാൽ അസ്സിന്റെ വിരോധം തീർക്കാൻ ആർഎസ്എസ് പ്രവർത്തകർ അനന്തുവിനെ വകവരുത്തുകയുമായിരുന്നുവെന്നും എൽഎഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതേ ആരോപണവുമായി യുഡിഎഫും രംഗത്തെത്തി.
തുടർന്ന് ആർഎസ്എസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ എൽഡിഎഫും യുഡിഎഫും സംയുക്തമായി പ്രഖ്യാപിച്ച ആലപ്പുഴ ജില്ലാ ഹർത്താൽ പുരോഗമിക്കുകയാണ്.ഇതിനിടയിലാണ് സംഭവത്തിനുപിന്നിൽ രാഷ്ട്രീയമില്ലെന്ന നിലപാടുമായി പോലീസ് രംഗത്തെത്തിയത്. കുറച്ചു ദിവസങ്ങൾക്ക് അനന്തുവും സുഹൃത്തുകളുമായി വാക്കേറ്റം ഉണ്ടായിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്പെഷ്യൽബ്രാഞ്ചിന്റെ അന്വേഷണത്തിലും സുഹത്തുക്കൾ തമ്മിലുള്ള വഴക്കാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് തെളിഞ്ഞത്.
പോലീസ് ഇതിൽ മുറുക്കെ പിടിച്ചതാണ് എൽഡിഎഫിന് ക്ഷീണമായത്. പോലീസ് കസ്റ്റഡിയിലായ പ്രതികളിൽ ആർഎസ്എസ് അനുഭാവികൾ മാത്രമല്ല മറ്റുപാർട്ടിക്കാരും ഉൾപ്പെട്ടത് പോലീസിന്റെ നിഗമനത്തെ ശരിവെക്കുന്നതായിരുന്നു. ജിഷ്ണു വിഷയത്തിൽ പ്രതിരോധത്തിലായ ഭരണപക്ഷം അനന്തുവിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കുകയായിരുന്നുവെന്നാണ് പ്രധാന ആക്ഷേപം ഉയർന്നിരിക്കുന്നത്.