അങ്കമാലി: കടവരാന്തയിലെ കൊലപാതകം നടന്നിട്ടു പത്തു ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ പോലീസ്. കഴിഞ്ഞ 11നാണ് ചാലക്കുടി കുറ്റിച്ചിറ ചാലപറമ്പൻ സത്യനെ (55) തലയിൽ കല്ലിനിടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുപതു വർഷത്തോളമായി അങ്കമാലി ടൗണിൽ ചെരുപ്പുകുത്തി ഉപജീവനം തേടുന്നയാളായിരുന്നു സത്യൻ.
ജോലിക്കു ശേഷം കട വരാന്തകളിൽ തന്നെയായിരുന്നു അന്തിയുറക്കവും. അങ്കമാലി പോലീസ് സ്റ്റേഷനു സമീപം പഴക്കച്ചവടം നടത്തുന്ന കടവരാന്തയിലാണ് ജഡം കണ്ടെത്തിയത്. കിടന്നുറങ്ങുന്ന രീതിയിലാണ് ജഡം കിടന്നിരുന്നത്. പുലർച്ചെ മൂന്നു മണിയോടടുത്ത സമയത്താണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. തലയിൽ കല്ല് പതിച്ച് ചോര വാർന്നാണ് മരണം സംഭവിച്ചത്. തലയിൽ ഇട്ട കല്ല് സമീപത്തുനിന്ന് എടുത്തു കൊണ്ടുവന്നതായിരുന്നു. 13.5 കിലോഗ്രാം ഭാരം കല്ലിനുണ്ടായിരുന്നു.
കൊലപാതകത്തെ തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. സംഭവം നടന്ന കടയുടെ സമീപത്തുള്ള സിസിടിവി കാമറ പ്രവർത്തിക്കാതിരുന്നത് പോലീസിനെ പ്രതിസന്ധിയിലാക്കി. കൊലപാതകം നടന്നതിന്റെ അന്നു വൈകുന്നേരം കെഎസ്ആർ ടി സി സ്റ്റാൻഡിൽ വച്ച് സത്യനും മറ്റു ചിലരുമായി വഴക്കും ചെറിയ തോതിലുള്ള സംഘർഷവും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയെങ്കിലും അതിൽ ഉൾപ്പെട്ടിരുന്നവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കൊലപാതകത്തെ തുടർന്ന് പത്തോളം പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തി രു ന്നുവെങ്കിലും പ്രതിയിലേക്കെത്തുന്ന തരത്തിലുളള തുമ്പൊന്നും ലഭിച്ചിട്ടില്ല.അകാരണമായി കസ്റ്റഡിയിൽ സൂക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് ഒരാഴ്ചക്കു ശേഷം ഓരോരുത്തരെയായി വിട്ടയച്ചിരുന്നു.
പ്രതിയെന്നു സംശയിക്കുന്ന തമിഴ്നാട് സ്വദേശിയായ ഒരാളെ തിരഞ്ഞ് പോലീസ് തിരുവനന്തപുരം വരെ പോയെങ്കിലും കണ്ടെത്താനായിട്ടില്ല. നഗരമധ്യത്തിൽ നടന്ന കൊലപാതകത്തിലെ പ്രതിയെ ഇതുവരെയും പിടികൂടാനാകാത്തത് പോലീസിനെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്.