ആലപ്പുഴ: വീടിനുള്ളിൽ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ കേസിൽ പ്രതിയായ അമ്മയ്ക്ക് അഞ്ചു വർഷം തടവ്. മാവേലിക്കര വെട്ടിയാർ പ്ലാവിലയിൽ അനിത കുമാരി (30) യെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപ കേശൻ ശിക്ഷിച്ചത്. 2016 ജൂണ്‍ 15നാണ് കേസിനു ആസ്പദമായ സംഭവം.
അനിതകുമാരി വീട്ടിൽ പ്രസവിച്ചതറിഞ്ഞ് എത്തിയ വെട്ടിയാർ ആശുപത്രിയിലെ നഴ്സാണ് കുഞ്ഞിനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അമ്മയേയും കുഞ്ഞിനെയും കായംകുളം ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് മരിച്ചു. അനിതകുമാരിക്ക് മൂന്നും അഞ്ചും വയസുള്ള രണ്ടു മക്കളുണ്ട്. മൂന്നാമത് കുഞ്ഞ് പിറന്നപ്പോൾ വളർത്താൻ വരുമാനമില്ലാത്തതിനാൽ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
മാവേലിക്കര സിഐ കുറ്റപത്രം സമർപ്പിച്ച കേസിൽ കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തിയ കോടതി മനഃപൂർവമല്ലാത്ത നരഹത്യക്കാണ് പ്രതിയെ ശിക്ഷിച്ചത്. സംഭവം കഴിഞ്ഞ നാൾ മുതൽ അനിതകുമാരി ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി