കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അജേഷ് പെണ്‍കുട്ടിയെ വീഴ്ത്തുന്നതിനുള്ള കരുക്കൾ നേരത്തേ നീക്കിയിരുന്നതായി പോലീസ്. ഏതാനും മാസങ്ങളായി പെണ്‍കുട്ടിയുടെ വീടുമായി അജേഷ് ബന്ധം സ്ഥാപിച്ചു.
ഇല്ലാത്ത പല ആവശ്യങ്ങളുമുണ്ടാക്കി ഇയാൾ വീട്ടിൽ പോകുമായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമായി അടുപ്പം സ്ഥാപിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. ഇതിന് ചില ദിവസങ്ങളിൽ പിതാവുമായി മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. ദിവസങ്ങളോളം കാത്തിരുന്നാണ് ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ വലയിൽ വീഴ്ത്തിയത്.
പലതവണ ഇയാൾ പെണ്‍കുട്ടിയെ മൊബൈൽ ഫോണിൽ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കരുതിക്കൂട്ടിയുള്ള നീക്കമാണ് നടത്തിയതെന്ന് വ്യക്തമാവുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയെ വശീകരിച്ച് ടിപ്പറിൽ കയറ്റി ഹോളോ ബ്രിക്സ് കന്പനിയോട് ചേർന്ന് പ്രതി താമസിച്ചിരുന്ന ഷെഡ്ഡിൽ എത്തിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു.
അതായത് ചതി പ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും സമ്മതിക്കാതെ വന്നപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ശ്വാസം മുട്ടിയതാണ് മരണകാരണമെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വിശദമായ റിപ്പോർട്ട് ലഭിച്ചാലേ മറ്റു കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാവൂ.