കോട്ടയം: അരീപ്പറന്പിൽ പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മാലം കുഴിനാകത്തരത്തിൽ അജേഷിനെ (40) കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നതിന് പോലീസ് കോടതിയിൽ അപേക്ഷ നല്കി.
അഞ്ചു ദിവസത്തേക്കെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന നിലപാടിലാണ് പോലീസ്. ചില പ്രധാനപ്പെട്ട തെളിവുകൾ ഇനിയും പോലീസിന് ലഭിക്കാനുണ്ട്. ഇതു സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തുന്നത്.
പെണ്കുട്ടിയെ വിളിച്ച ഫോണ് ഇതുവരെ കണ്ടെത്താനായിട്ടില്ല. സിംകാർഡ് ഭാഗികമായി നശിപ്പിച്ച നിലയിൽ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഫോണ് പ്രതി എവിടെയോ ഒളിപ്പിച്ചിരിക്കുകയാണ്. ഇതാണ് പ്രധാന തെളിവ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ ഫോണ് എവിടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞേക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
കൊല നടന്ന മുറിയിൽ നിന്ന് ലഭിക്കാവുന്നത്ര തെളിവുകൾ ശേഖരിച്ചു. കൊലയ്ക്കുപയോഗിച്ച ഷാൾ, രക്തം പുരണ്ട വസ്ത്രങ്ങൾ, കൊല നടക്കുന്പോൾ പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ തെളിവായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിടാനും മറ്റും ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന സംശയവും ബാക്കിയുണ്ട്.
എന്നാൽ മറ്റാരും കേസിൽ ബന്ധപ്പെട്ടിട്ടില്ലെന്നു തന്നെയാണ് പോലീസ് ഇപ്പോഴും പറയുന്നത്. പ്രതിയും ഇതേ നിലപാട് ആവർത്തിക്കുകയാണ്. ഇത് പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. അതിനാൽ ആവഴിക്കും അന്വേഷണം നീങ്ങുന്നുണ്ട്. ജില്ലാ പോലീസ് ചീഫ് ഹരിശങ്കർ, ഡിവൈഎസ്പി ശ്രീകുമാർ, ഈസ്റ്റ് സിഐ ടി.ആർ.ജിജു, അയർക്കുന്നം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.