തിരുവല്ല: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് വയോധികന് മരിച്ചു.തിരുവല്ല വള്ളംകുളം കാവുങ്കല്‍ തെക്കേ കൊടുവേലില്‍ കെ.കെ.രാജു (62) വാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. അയല്‍വാസിയും സുഹൃത്തുമായ കാവുങ്കല്‍ കുരുവിക്കാട്ട് കണ്ണന് (26), തിരുവല്ല കുളക്കാട് പ്ലാച്ചേരില്‍ പി.ആര്.അര്ജുന് (23) എന്നിവരെ ഇതു സംബന്ധിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
മര്‍ദ്ദനമേറ്റ് മരിച്ച രാജുവും ഒന്നാം പ്രതിയായ കണ്ണനും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രാത്രി പ്രതികള്‍ ഇരുവരും കൂടി രാജുവിന്റെ വീട്ടില്‍ എത്തി മര്‍ദ്ദിക്കുകയായിരുന്നു. സംഘട്ടനത്തിനിടയില്‍ പ്രതികള്‍ക്കും പരിക്കേറ്റു.
മര്‍ദ്ദനമേറ്റ് കുഴഞ്ഞു വീണ രാജുവിനെ തിരുവല്ല പോലീസ് എത്തി ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ച രാജു മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളളതാണെന്ന് പോലീസ് പറഞ്ഞു.