കോട്ടയം: മിമിക്രി താരത്തിന്റെ കൊലപാതകത്തിൽ പ്രതികൾക്കെല്ലാം ജീവപര്യന്തം തടവും പിഴയും ശിക്ഷയും വിധിച്ച കോടതി.
സെയിൽസ്മാനും മിമിക്രിതാരവുമായിരുന്ന ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറന്പിൽ ലെനീഷി(31)നെ കൊന്നു ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ കേസിലാണ് ശിക്ഷ.
ലെനീഷിന്റെ കാമുകിയും എസ്എച്ച് മൗണ്ടിനുസമീപം നവീൻ ഹോം നഴ്സിംഗ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറന്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (37), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം-40), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ-37) എന്നിവരെയാണ് ശിക്ഷിച്ചത്.
പ്രണയത്തിൽനിന്നു പിൻമാറി മറ്റ് സ്ത്രീകൾക്കൊപ്പം പോയതിന്റെ പകയിലാണ് പ്രതി ശ്രീകല കൊലപാതകം ആസൂത്രണം ചെയ്തത്.
2013 നവംബർ 23നാണു പാന്പാടി കുന്നേൽപ്പാലത്തിനുസമീപം ചാക്കിൽകെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ലെനീഷിന്റെ മൃതദേഹം കണ്ടത്.
തുടർന്ന് ലെനീഷിന്റെ കാമുകിയും ഹോം നഴ്സിംഗ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകലയിലേക്ക് അന്വേഷണം എത്തുകയായിരുന്നു.
ലെനീഷിനെ എസ്എച്ച് മൗണ്ടിലെ ഓഫീസിൽ എത്തിച്ചു ക്രൂരമായി മർദ്ദിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു. മരണം ഉറപ്പു വരുത്തിയശേഷം മനുമോന്റെ ഓട്ടോറിക്ഷയിൽ കയറ്റിയാണു മൃതദേഹം റോഡരികിൽ തള്ളിയത്.
ചാക്കിൽ വെയ്സ്റ്റാണെന്നാണ് പ്രതികൾ മനുവിനോട് പറഞ്ഞത്.അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി. സുജയമ്മ ശിക്ഷിച്ചത്.
അഞ്ചാം പ്രതിയും ഓട്ടോ ഡ്രൈവറുമായ കൊച്ചുതോപ്പ് പാറാംതട്ടിൽ മനുമോനെ മാപ്പുസാക്ഷിയാക്കി. പിഴത്തുകയിൽ ഒരു ലക്ഷം രൂപ ലെനീഷിന്റെ അച്ഛൻ ലത്തീഫിന് നൽകണമെന്നും കോടതി ഉത്തരവായി.
പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റി. കൊലപാതകം, ഗൂഢാലോചന എന്നി കുറ്റങ്ങൾക്ക് ജീവപര്യന്തം തടവിനു പുറമേ ശ്രീകല 50000 രൂപ പിഴ നൽകണം.
മറ്റ് പ്രതികൾക്ക് ഈ വകുപ്പുകളിൽ 25000 രൂപ വീതമാണ് പിഴ.തെളിവ് നശിപ്പിച്ചതിന് മൂന്നു വർഷം തടവും 25000 രൂപ പിഴയും അടയ്ക്കണം.
പിഴത്തുക നൽകിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ്. 114-ാം വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവും അയ്യായിരം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം തടവ്.
പ്രോസിക്യൂഷനുവേണ്ടി ഗിരിജ ബിജുവാണ് കോടതിയിൽ ഹാജരായത്. വിധിപ്രസ്താവം കേൾക്കാൻ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും പാന്പാടി സിഐയുമായ ഇപ്പോഴത്തെ എറണാകുളം വിജിലൻസ് ഡിവൈഎസ്പി സാജു വർഗീസ്, പാന്പാടിയിലെ അന്നത്തെ എസ്ഐയും ഇപ്പോഴത്തെ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറുമായ ഇൻസ്പെക്ടർ യു.
ശ്രീജിത്ത് എന്നിവർ കോടതിയിൽ എത്തിയിരുന്നു. അന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും നിലവിൽ കോട്ടയം അഡീഷണൽ എസ്പിയുമായ എസ്. സുരേഷ് കുമാറാണ് കേസ് അന്വേഷിച്ചത്.