ചെമ്പേരി: വലിയഅരീക്കമലയിലെ ബന്ധുവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മരിച്ച ചപ്പിലി വീട്ടിൽ അനീഷാണ്(40) മരിച്ചത്.
അനീഷിന്റെ ബന്ധുക്കളും അയവാസികളുമായ ചപ്പിലി പത്മനാഭൻ (55), മകൻ ജിനുപ് (25) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് പത്മനാഭൻ. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.
ചോദ്യം ചെയ്യലിൽ ഇന്നലെ രാത്രിയോടെയാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. പത്മനാഭന്റെ വീട്ടിൽ നിന്ന് ബഹളം കേട്ടതിനെ തുടർന്ന് ശനിയാഴ്ച രാത്രി അനീഷ് അവിടേക്ക് പോയിരുന്നു.
ഞായറാഴ്ച രാവിലെ അനീഷിനെ മരിച്ച നിലയിൽ കണ്ട സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ, ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, കുടിയാന്മല സർക്കിൾ ഇൻസ്പെക്ടർ ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുളള ഫോറൻസിക് വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.