ആലക്കോട്: മൈലംപെട്ടിയിൽ ആദിവാസി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. മൈലംപെട്ടി സ്വദേശി പടനിലം ബാബു (48) ആണ് പിടിയിലായത്. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകുന്നേരമാണ് പയ്യാവൂരിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
വിഷംകഴിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പോലീസ് കാവലിൽ ഇപ്പോൾ ചികിത്സയിലാണ്. ആശുപത്രി വിട്ടാലെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. പാറെമൊട്ട കോളനിയിലെ കണ്ണാ രാജുവാണ് മരിച്ചത്.
കൊലപാതകമാണെന്ന സൂചനയെ തുടര്ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒഴുക്ക് നിലച്ച തോട്ടിലെ കരിങ്കല്ലില് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ആയിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചെരുപ്പും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം നാട്ടിൽ നിന്നും മുങ്ങിയ ബാബുവിനെ പോലീസ് അന്വേഷിച്ചു വരികെയാണ് പയ്യാവൂരിൽ നിന്നും ഇയാൾ വലയിലാകുന്നത്. ചാരായം വാറ്റുന്നതുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
പോലീസ് കാവലിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാബുവിനെ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, രമേശൻ, ആലക്കോട് സിഐ സുരേശൻ, പയ്യാവൂർ എസ്ഐ ജോൺസൺ, സിപിഒമാരായ കെ.പ്രസാദ്, പവൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.