തിരുവല്ല: സഹോദരന്റെ മൂന്നരവയസുള്ള മകനെ കാലിൽപിടിച്ചു ടാർ റോഡിൽ അടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തിരുവല്ല കുറ്റൂർ തെങ്ങേലി ഇലഞ്ഞിമൂട്ടിൽ ഇ.പി. പോളിനെ (റോയി – 60)യാണ് പത്തനംതിട്ട അഡീഷണൽ ആൻഡ് ഡിസ്ട്രിക്ട് സെക്ഷൻസ് കോടതി- മൂന്ന് ജഡ്ജി മോഹനകൃഷ്ണൻ ശിക്ഷിച്ചത്. ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം.
2005 ഓഗസ്റ്റ് എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. റോയിയുടെ ഇളയ സഹോദരൻ ബിജുവിന്റെ മകനെയാണ് വീടിനു സമീപമുള്ള ടാർ റോഡിൽ കാലിൽ പിടിച്ച് അടിച്ചു മാരകമായി പരിക്കേല്പിച്ചത്. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി പിറ്റേന്നു പുലർച്ചെ മരിച്ചു.
തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സിഐ ആയിരുന്ന സുനിൽ ജേക്കബ്, പി. രഘുവരൻനായർ എന്നിവരായിരുന്നു കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ഏബ്രഹാം കോടതിയിൽ ഹാജരായി.