റാഞ്ചി: ജാർഖണ്ഡിലെ വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ശരീരം അന്പതോളം കഷണങ്ങളാക്കി മുറിച്ചു. 24 വയസുള്ള തമിഴ്നാട്ടുകാരിയാണു മരിച്ചത്.
സംഭവത്തിൽ ഇറച്ചിവെട്ടുകാരനായ നരേഷ് ഭെൻഗ്ര (25) അറസ്റ്റിലായി. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്കുശേഷമാണു സംഭവം പുറത്തറിയുന്നത്.
രണ്ടു വർഷമായി നരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നു. അതിനിടെ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. തുടർന്നു പങ്കാളിയെ ഒഴിവാക്കാൻ ക്രൂരമായി കൊല്ലുകയായിരുന്നു. യുവതിയുടെ ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി മുറിച്ചതായി പ്രതി സമ്മതിച്ചു.
ജരിയഗഡ് പോലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മൃതദേഹ ഭാഗങ്ങൾ കടിച്ചുകൊണ്ടു നടക്കുന്നതു കണ്ടതോടെയാണു കൊലപാതകം പുറത്തറിയുന്നത്.
തുടർന്നു നടത്തിയ തെരച്ചിലിൽ ഏതാനും ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തു. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.