ഇടുക്കി: മരുമകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെത്തുടർന്നു ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇടുക്കി പൈനാവ് 56 കോളനി സ്വദേശി കൊച്ചുമലയിൽ അന്നക്കുട്ടി തന്പി ((59) യാണു മരിച്ചത്.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അന്നക്കുട്ടി ഇന്നു പുലർച്ചെയാണു മരണത്തിനു കീഴടങ്ങിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
അന്നക്കുട്ടിയുടെ പേരക്കുട്ടിയായ രണ്ടു വയസുകാരി ലിയയെയും പ്രതി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി പിന്നീടു തിരികെയെത്തി അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ വീടിനു തീയിടുകയും ചെയ്തു. ഇതിനു ശേഷം തമിഴ്നാട്ടിലേക്കു കടന്നുകളയാൻ ശ്രമിച്ച പ്രതിയെ കുമളിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യാ വീട്ടിലെത്തിയ സന്തോഷ് അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ രണ്ടര വയസുള്ള പെണ്കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം സന്തോഷ് ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരൻ സുഗതന്റെ വീട്ടിലാക്കി ഫോണുപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു.
പൊളളലേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അന്നക്കുട്ടി പേരക്കുട്ടിയായ ലിയയെ കൈയിൽ എടുത്തിരിക്കുന്നതിനിടെയാണ് ഇയാൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഇതോടെയാണ് രണ്ടു പേർക്കും സാരമായി പൊള്ളലേറ്റത്. അന്നക്കുട്ടി മരിച്ച സാഹചര്യത്തിൽ വീണ്ടും തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.
അന്നക്കുട്ടിയുടെ മകളായ സന്തോഷിന്റെ ഭാര്യ പ്രിൻസി വിദേശത്തു ജോലിക്കു പോയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്ന് പ്രതി പോലീസിനോടു സമ്മതിച്ചിരുന്നു. പ്രിൻസിയെ തിരിച്ചു വിളിക്കണമെന്നും ഭാര്യയുടെ ശന്പളം തനിക്കു നല്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണു രണ്ടു പ്രാവശ്യവും തീവച്ചതെന്നും പ്രതി പോലീസിനു മൊഴി നൽകിയിരുന്നു.