മട്ടന്നൂർ: കൊതേരിയിൽ മധ്യവയസ്കനെ ജ്യേഷ്ഠന്റെ മകൻ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മൽ വീട്ടിൽ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രൻ ഷിഖിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. ബുള്ളറ്റിലെത്തിയ യുവാവ് വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഗിരീശനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആയുധം ഉപയോഗിച്ച് ഗിരീശന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ ഗിരീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോൾ ഗിരീശന്റെ പ്രായമായ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ആക്രമണത്തിന് മുമ്പേ ഇരുവരും തമ്മിൽ മട്ടന്നൂരിൽ വച്ചു വാക്കുതർക്കമുണ്ടായതായി പറയുന്നു.
മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിക്ക് വേണ്ടി വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ഇന്നു പുലർച്ചെയാണ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പരേതനായ ശ്രീധരന്റെയും രാധയുടെയും മകനാണ് മരിച്ച ഗിരീശൻ. സഹോരദങ്ങൾ: രമണി, രാജേഷ്, പരേതനായ സതീശൻ.