കുന്നംകുളം: പെരുമ്പിലാവ് ആൽത്തറയിൽ ഇന്നലെ രാത്രി യുവാവിനെ നവവധുവിന്റെ മുന്നിലിട്ടു വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. മരത്തംകോട് ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കടവല്ലൂർ കൊട്ടിലിങ്ങൽ അക്ഷയ് കൂത്തനെ (27) കൊലപ്പെടുത്തിയ പെരുമ്പിലാവ് ആൽത്തറ സ്വദേശി ലിഷോയ് (30) ആണു പിടിയിലായത്. ഒരു മാസം മുൻപാണ് കൊല്ലപ്പെട്ട അക്ഷയ്യുടെ വിവാഹം കഴിഞ്ഞത്.
ഇന്നു പുലർച്ചെ പോലീസിന്റെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ നടക്കുന്നതിനിടെ കൊലപാതകം നടന്ന വീടിനു സമീപത്തെ വീട്ടിൽനിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടുകയായിരുന്നു. പിന്തുടർന്ന പോലീസ് ഇയാളെ കീഴ്പ്പെടുത്തി. നിഖിൽ, ആകാശ്, ബാദുഷ എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളത്
പിടിയിലായ ലിഷോയ്യുടെ വീട്ടിലേക്കാണ് ഇന്നലെ രാത്രി എട്ടരയോടെ കൊല്ലപ്പെട്ട അക്ഷയ്യും ഭാര്യയും എത്തിയത്. അവിടെവച്ചുണ്ടായ വാക്കുതർക്കം അടിപിടിയിലെത്തുകയും തുടർന്ന് അക്ഷയ്ക്കു വെട്ടേൽക്കുകയുമായിരുന്നു. വെട്ടേറ്റു വീടിനു പുറത്തേക്കോടിയ അക്ഷയ്യെ അവിടെവച്ചും ഭാര്യയുടെ മുന്നിലിട്ടും വെട്ടുകയായിരുന്നു.
കൊലപാതകത്തിൽ ലിഷോയ്ക്കൊപ്പം കൂട്ടുനിന്ന ബാദുഷ സാരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. പെരുമ്പിലാവ് അൻസാർ ആശുപത്രിയിലായിരുന്ന ഇയാളെ ഇന്നലെ രാത്രിതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.ലഹരിവിതരണ ഇടപാടുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരാണ് അക്ഷയും ലിഷോയും എന്നു പോലീസ് പറയുന്നു.
നേരത്തെയും ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട അക്ഷയ് കൊലപാതതം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ആൽത്തറയിലെ ഈ നാലുസെന്റ് കോളനി കേന്ദ്രീകരിച്ച് രാസലഹരിവിതരണം ഇവരുടെ നേതൃത്വത്തിൽ വലിയ രീതിയിൽ നടക്കുന്നുണ്ടെന്നു വിവരമുണ്ട്.
കൊല്ലപ്പെട്ടയാളും ഇപ്പോൾ പിടിയിലായവരും ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരാണെന്നു പോലീസ് പറഞ്ഞു.പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്ഷയ്യുടെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.