കൊച്ചി: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സുഹൃത്തിനെ കൊലപെടുത്തിയ കേസിൽ പ്രതിയുടെ മൊഴി. കലൂർ സ്റ്റേഡിയത്തിനടുത്തുള്ള ബാഗ് നിർമാണ കന്പനിയിൽ ജോലി ചെയ്തുവന്ന പശ്ചിമ ബംഗാൾ സ്വദേശി സമീർ ലോപ്ച്ചനെ (32) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആസാം സ്വദേശി ചന്ദൻ കൻവാറാണണ് (42) ഇത് സംബന്ധിച്ച് പോലീസിനു മൊഴി നൽകിയത്.
ബാഗ് നിർമാണ യൂണിറ്റിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന ഇരുവരും മദ്യപിക്കുന്നതിനിടെ വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അമ്മയെ പേര് ചൊല്ലി വിളിച്ചതുമായി ബന്ധപ്പെട്ട വിഷയം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. കൊലയ്ക്കുശേഷം ആസാമിലേക്കു രക്ഷപ്പെട്ട പ്രതിയെ പോലീസ് സംഘം ആസാമിലെത്തി വിദഗ്ധമായി കുടുക്കുകയായിരുന്നു. പ്രതിയുടെ പഴയ മൊബൈലിലെ കോളുകൾ അടിസ്ഥാനമാക്കി നടത്തിയ വിപുലമായ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
എട്ടു വർഷമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തുവന്ന പ്രതി കലൂരിലെ ബാഗ് നിർമാണ യൂണിറ്റിൽ ഡ്രൈവറായിരുന്നു. ഇയാളുടെ ഫോട്ടോയോ മേൽവിലാസമോ സ്ഥാപനത്തിലോ, സഹജോലിക്കാരുടെ പക്കലോ ലഭ്യമായിരുന്നില്ല. സ്ഥാപനത്തിൽ പ്രതി നൽകിയിരുന്ന ഡ്രൈവിംഗ് ലൈസൻസിന്റെ പകർപ്പുമായാണ് അന്വേഷണ ഉദ്യോഗസ്ഥരായ നോർത്ത് സ്റ്റേഷനിലെ എഎസ്ഐ റഫീഖ്, പാലാരിവട്ടം സ്റ്റേഷനിലെ എസ്സിപിഒ ജയകുമാർ എന്നിവർ ആസാമിലേക്ക തിരിച്ചത്.
ഗുവാഹത്തിയിൽനിന്നു 300 കിലോമീറ്റർ അകലെയുള്ള കർബി അംലോംഗ് ജില്ലയിലെ ദിഹു എന്ന സ്ഥലത്തെ വിലാസമാണു ഡ്രൈവിംഗ് ലൈസൻസിൽ ഉണ്ടായിരുന്നത്. ദിഹു പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അങ്ങനെ ഒരു വിലാസമില്ലെന്നും ഡ്രൈവിംഗ് ലൈസൻസ് നാഗാലാൻഡിൽനിന്നു വ്യാജമായി സംഘടിപ്പിച്ചതാണെന്നും ബോധ്യമായി. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട പ്രതി ട്രെയിനിൽ ചെന്നൈ വരെ എത്തിയതായി മൊബൈൽ ഫോണ്കോൾ വിവരങ്ങളിൽനിന്നു വ്യക്തമായിരുന്നു. അവിടെവച്ചു ഫോണ് സ്വിച്ച് ഓഫ് ആയനിലയിലായിരുന്നു.
ഇതേത്തുടർന്നു പ്രതി മുന്പ് ഉപയോഗിച്ചിരുന്ന മൊബൈൽ നന്പറുകളുടെ കഴിഞ്ഞ ഒരുവർഷത്തെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ ആസാമിലെ തന്നെ മറ്റൊരു വിദൂര ജില്ലയായ ഗോലാഘട്ടുമായി പ്രതിക്കു ബന്ധങ്ങളുണ്ടെന്നു മനസിലായി. അവിടെയെത്തി സിരൂപത്താർ പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഒരു മാർക്കറ്റിൽനിന്നമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞമാസം 27നായിരുന്നു കൊലപാതകം. സമീറിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽനിന്നാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. മൃതദേഹത്തിന്റെ തലയോട്ടി തകർന്നതായും ആന്തരിക അവയവങ്ങൾ തകർന്നു വയറിൽ രക്തസ്രാവം ഉണ്ടായതായും കണ്ടെത്തിയിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ എറണാകുളം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.