മലപ്പുറം: പൂക്കോട്ടൂർ മൈലാടിയിൽ വച്ച് ക്വാറി തൊഴിലാളിയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം മഞ്ചേരി പോലീസ് മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്റ്റ്യൻ എന്ന കുട്ടിയച്ചൻ (81) ആണ് അറസ്റ്റിലായത്.
1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂക്കോട്ടൂർ മൈലാടിയിലെ ക്വാറി തൊഴിലാളിയായിരുന്ന മണ്ണാർക്കാട് സ്വദേശി പറക്കൽ മുരളി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ക്വാറിയിൽ മുരളി വഴി ജോലി നേടിയ കുട്ടിയച്ചൻ മുരളിയുമായി തുച്ഛമായ സംഖ്യയുടെ സാന്പത്തിക ഇടപാടിനെ ചൊല്ലി വഴക്കുണ്ടാവുകയും ഇതേതുടർന്ന് ക്വാറിക്ക് സമീപമുള്ള ചായക്കടക്ക് മുൻവശം വെച്ച് ക്വാറിയിൽ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉളികൊണ്ട് നെഞ്ചിന് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
സംഭവം നടക്കുന്പോൾ കൊല്ലപ്പെട്ട മുരളിക്ക് 28 വയസും പ്രതിക്ക് 54 വയസുമായിരുന്നു പ്രായം. കൊല നടത്തിയ ശേഷം അറവങ്കരയിലെത്തി അവിടെ നിന്ന് കോഴിക്കോട്ടേക്കും പിന്നീട് മംഗലാപുരത്തേക്കും പോവുകയായിരുന്നെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിന്നീട് ഇതുവരെ വിവിധ ജോലികളിൽ ഏർപ്പെട്ട് കർണാടകയിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി. ഇയാൾ പല സ്ഥലത്തും സെബാസ്റ്റ്യൻ, കുട്ടിയച്ചൻ, കുട്ടപ്പൻ, ബാബു, മുഹമ്മദ്, ബാലു എന്നിങ്ങനെ പല പേരുകളാണ് നൽകിയിട്ടുള്ളത്.
ഇയാളെ പിടികൂടാൻ പോലീസ് നിരവധി തവണ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് പോലീസിന് വിവരവും ലഭിക്കുകയുണ്ടായില്ല. പ്രതി 30 വർഷത്തിലധികമായി കുടുംബവുമായി അകന്ന് നിൽക്കുന്നതിനാൽ വീട്ടുകാർക്കും ഇയാളെക്കുറിച്ച് സൂചനയില്ലായിരുന്നു.
ഈയിടെ പ്രതി സ്ഥിരമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടക റുമിൻറെ ഉടമസ്ഥൻ റൂം ഒഴിഞ്ഞു തരണമെന്ന് പറഞ്ഞതിന് ക്വാറിയിൽ ഉപയോഗിക്കുന്ന വെടിമരുന്നും തിരകളും ഉപയോഗിച്ച് ബോംബുകൾ ഉണ്ടാക്കി വീടിന്റെ ഉള്ളിലേക്ക് എറിഞ്ഞതിൽ സ്ഫോടനത്തിൽ വീട്ടുടമക്ക് പരിക്കേറ്റ സംഭവത്തിൽ മംഗലാപുരം പുത്തൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
മലപ്പുറം ഡിവൈഎസ്പി തോട്ടത്തിൽ ജലീലിന്റെ നിർദേശപ്രകാരം, സിഐ എൻ.ബി. ഷൈജു, എസ്ഐ ജലീൽ കറുത്തേടത്ത്, സ്പെഷൽ സ്ക്വാഡ് അംഗം പി.മുഹമ്മദ് സലീം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.