മംഗലംഡാം: മംഗലംഡാം റിസർവോയറിന്റെ മറുകരയായ രണ്ടാംപുഴ അട്ടവാടിയിൽ കിടപ്പുരോഗിയായ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി.
തെക്കുംകര കരോട്ട് തൊമ്മന്റെ മകൾ മേരി (68)യാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ഷൈജു (38) വിനെ മംഗലംഡാം പോലീസ് അറസ്റ്റുചെയ്തു. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
പക്ഷാഘാതത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്ന മേരിയെ തിങ്കളാഴ്ച വൈകുന്നേരമാണു വീട്ടിൽ കൊണ്ടുവന്നത്.
മേരിയും മകൻ ഷൈജുവും മാത്രമാണു വീട്ടിൽ താമസം. ഷൈജുവിന്റെ ഭാര്യയും മക്കളും പിണങ്ങി കഴിഞ്ഞ ആറുമാസമായി വയനാടുള്ള അവരുടെ വീട്ടിലാണ്.
കിടപ്പിലുള്ള അമ്മയെ ഇനിയും പരിപാലിക്കണമെന്ന ചിന്തയാണു പെട്ടെന്നുള്ള പ്രകോപനത്തിനും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
മദ്യപിച്ചശേഷം കട്ടിലിൽ കിടന്നിരുന്ന അമ്മയെ എടുത്തു ചുമരിൽ ചേർത്ത് ഇടിക്കുകയും പിന്നീട് കട്ടിലിൽ ഇടുകയുമായിരുന്നു.
വീഴ്ചയിൽ കട്ടിലിന്റെ കാസിയിൽ തലയടിച്ച് വലിയ മുറിവുണ്ടായി. ഇതു രക്തപ്രവാഹത്തിനും തുടർന്ന് മരണത്തിനും കാരണമായെന്നാണു പോലീസ് പറയുന്നത്.
തിങ്കളാഴ്ച രാത്രി തന്നെ കൃത്യം നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം. ചൊവ്വാഴ്ച രാവിലെയാണ് അമ്മ കട്ടിലിൽ നിന്ന് വീണു പരിക്കേറ്റതായി മകൻ ഷൈജു ഇവരുടെ ബന്ധുക്കളോടും മറ്റു അയൽവാസികളോടും പറയുന്നത്.
സ്ട്രോക്കിന്റെ ഭാഗമായി ഞരന്പ് പൊട്ടി രക്തം പോയതാകുമെന്നായിരുന്നു രക്തം കണ്ട് ഓടിക്കൂടിയവരുടെ ആദ്യ സംശയം. ഇതിനാൽ ഉടൻ ആംബുലൻസ് വിളിച്ച് മേരിയെ ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ, തലയിൽ കാണപ്പെട്ട വലിയ മുറിവും മകന്റെ സംസാരത്തിലും പെരുമാറ്റത്തിലുമുണ്ടായ പന്തികേടുകളും സംശയങ്ങളുണ്ടാക്കി.
പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്നു തെളിയുകയായിരുന്നു.
മകനെ കൂടുതൽ ചോദ്യം ചെയ്തതിലാണു നടന്ന സംഭവങ്ങൾ പുറത്തറിയുന്നത്. ചുമരിലും നിലത്തും തെറിച്ച രക്തം തുടച്ചു വൃത്തിയാക്കിയതായും പോലീസ് കണ്ടെത്തി. വസ്ത്രങ്ങളും മാറ്റിയിരുന്നു.
ഇലക്ട്രീഷനാണ് ഷൈജു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
മംഗലംഡാം എസ്ഐ ജമേഷ് ഉൾപ്പടെ പോലീസ് ഉദ്യോഗസ്ഥർ, വിരലടയാള വിദഗ്ധർ, ഫോറൻസിക് സംഘം തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി.