തൃശൂർ: വയോധികയുടെ മരണത്തിൽ നാട്ടുകാരുടെ സംശയം ഒടുവിൽ സത്യമായി. ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കേസിൽ സഹോദരിയുടെ മകൻ അറസ്റ്റിൽ. തൃശൂർ ശ്രീകൃഷ്ണപുരത്താണ് സംഭവം. ശ്രീകൃഷ്ണപുരം സ്വദേശി ശ്യാംലാൽ (34) ആണ് പിടിയിലായത്. തങ്കമണി (67) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ബുധനാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള തങ്കമണി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. ശ്വാസതടസമായിരുന്നു മരണകാരണം.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പാരാതി ഉയർന്നിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് വിധേയമാക്കുകയായിരുന്നു. പിന്നാലെയാണ് മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞത്.
ആശുപത്രിയിൽ പോകുമ്പോൾ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ശ്യാംലാലിനെ ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തോർത്ത് കൊണ്ട് വായും മൂക്കും മൂടിക്കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയാതായി പോലീസ് വ്യക്തമാക്കി.