അങ്കമാലി: നഗരത്തിൽ ആറു മാസം മുന്പ് കടത്തിണ്ണയിൽ കിടന്നുറങ്ങിയയാളെ തലയ്ക്കടിച്ചു കൊന്ന കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണു റിമാൻഡ് ചെയ്തിട്ടുള്ളത്.
ചാലക്കുടി കുറ്റിച്ചിറ അംബേദ്ക്കർ കോളനിയിലെ ചാലപറന്പൻ ജനാർദൻ സത്യൻ (45) തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ കാസർഗോഡ് ചെർങ്ങള ബെർക്ക രാജൻ ശിവൻകുട്ടി നായർ എന്ന രാജു (58) വാണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച് പത്തിന് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുള്ള കൂൾബാറിനു മുൻവശമായിരുന്നു സംഭവം.
കൊല്ലപ്പെട്ട സത്യൻ ചെരുപ്പുകുത്തിയും പ്രതി രാജൻ ശിവൻകുട്ടി നായർ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ആക്രി സാധനങ്ങൾ പെറുക്കി വിൽപന നടത്തിവന്നയാളുമാണ്. കൊലപാതകം നടന്ന കൂൾബാറിനു മുൻവശത്താണ് രണ്ടുപേരും രാത്രികാലങ്ങളിൽ കിടന്നുറങ്ങാറുള്ളത്. കൊലപാതകം നടന്നതിന് ഒരാഴ്ച മുന്പുവരെ കൊല്ലപ്പെട്ട സത്യനും പ്രതിയും തമ്മിൽ കിടക്കുന്ന സ്ഥലത്തെ സംബന്ധിച്ച് പലവട്ടം തർക്കം ഉടലെടുത്തിരുന്നു.
പ്രതിയോട് മേലിൽ താൻ കിടക്കുന്ന കടവരാന്തയിൽ കിടക്കരുതെന്നും അങ്ങനെ കിടക്കണമെങ്കിൽ പ്രതി വാടക നൽകണമെന്നും സത്യൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ പലപ്പോഴും ഉന്തും തള്ളുംവരെ ഉണ്ടായിട്ടുണ്ട്. ആഴ്ചകളോളം ആലോചിച്ചാണ് കൊലപാതകത്തിനു പ്രതി പദ്ധതിയിട്ടത്. തലയിൽ കല്ല് ഇട്ട് കൊന്നാൽ മദ്യപിച്ച് വീണ് മരണപ്പെട്ടതാണെന്നു കരുതി പോലീസ് അന്വേഷണം അവസാനിപ്പിക്കുമെന്ന് വിചാരിച്ചാണു പ്രതി തലയ്ക്കടിച്ചു കൊല്ലാൻ തീരുമാനിച്ചത്.
കൃത്യം നടന്ന ദിവസം സത്യന് അമിതമായി മദ്യപിക്കാൻ പ്രതി പണം നൽകി. മദ്യപിച്ചശേഷം സത്യൻ പതിവുപോലെ കടയുടെ മുന്നിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം സമീപത്ത് കിടന്ന കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് പ്രതി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പോലീസ് കണ്ടെത്തിയിട്ടുള്ളത്.
മരണം ഉറപ്പാക്കിയ പ്രതി പിന്നീട് തമിഴ്നാട്ടിലേക്കു കടന്നു. കടവരാന്തകളിൽ കിടന്നുറങ്ങിയവരെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഓണം ആഘോഷിക്കുന്നതിനായി പ്രതി കാസർഗോഡ് എത്തുമെന്നു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു കാസർഗോഡ് തങ്ങിയാണ് അങ്കമാലി പോലീസ് പ്രതിയെ പിടികൂടിയത്.