കൊല്ലം: തയ്യൽസ്ഥാപനത്തിൽ കയറി ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം രക്ഷപെട്ട് ഒളിവിലായിരുന്ന ഭർത്താവ് പിടിയിലായി. വടക്കേവിള പായിക്കുളം കളീലിൽ മുക്കിനടുത്ത് അക്കരവിള നഗർ 152-എ സ്വപ്നത്തിൽ അജിതകുമാരിയെ(46) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സുകുമാരനെ(62) കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് കൊല്ലം റൂറൽ പോലീസിന്റെ ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കൊലപാതകം. വർഷങ്ങളായി അജിതകുമാരിയുമായി വേർപിരിഞ്ഞു കഴിയുന്ന തന്റെ മൂത്തമകന്റെ വിവാഹ നിശ്ചയം അറിയിക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സുകുമാരന്റെ വെളിപ്പെടുത്തൽ. ഇയാളെ ഇരവിപുരം പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്.
അജിതകുമാരി പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി എഡ് കോളേജിന് സമീപം തയ്യൽക്കട നടത്തിവരികയായിരുന്നു. സ്കൂട്ടറിൽ എത്തിയ സുകുമാരൻ തയ്യൽക്കടയിലേക്ക് കയറി അജിതകുമാരിയുടെ വായിൽ തുണി തിരുകി കത്തി കഴുത്തിൽ കുത്തിയിറക്കിയ ശേഷം അവിടെ നിന്ന് കടക്കുകയായിരുന്നു.
സുകുമാരനെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. അര മണിക്കൂറിനുള്ളിൽ സുകുമാരൻ തങ്ങിയിരുന്ന ആണ്ടാമുക്കത്തെ ലോഡ്ജിൽ പോലീസെത്തിയെങ്കിലും കടന്നുകളഞ്ഞിരുന്നു. മുറിയിൽ നിന്ന് രക്തം പുരണ്ട ഷർട്ടുകൾ കണ്ടെടുത്തതോടെ പ്രതി സുകുമാരൻ തന്നെയെന്ന് ഉറപ്പായി. ലോഡ്ജിന്റെ മുറ്റത്ത് ഉപേക്ഷിച്ചിരുന്ന വെള്ള ആക്ടീവ സ്കൂട്ടറിലും രക്തക്കറ കണ്ടെത്തി.
തമിഴ്നാട് സ്വദേശിയായ സുകുമാരൻ വർഷങ്ങൾക്ക് മുൻപ് കൊല്ലത്തെത്തി സ്ഥിര താമസമാക്കുകയായിരുന്നു. ആദ്യ വിവാഹം മറച്ചുവച്ചാണ് അജിതകുമാരിയെ കല്യാണം കഴിച്ചത്. മദ്യത്തിന് അടിമയായതോടെ മാടൻനടയിൽ നടത്തിയിരുന്ന സ്ഥാപനം പൊളിഞ്ഞു. ഇതിനിടെ ആദ്യ വിവാഹത്തെക്കുറിച്ച് അജിതകുമാരി അറിഞ്ഞു. മദ്യപിച്ചെത്തി മർദനം പതിവായതോടെ ഇരുവരും പിരിയുകയായിരുന്നു. ഇവർക്ക് രണ്ട് ആണ്മക്കളുണ്ട്.
സുകുമാരന്റെ ചിത്രം ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും കച്ചവടക്കാർക്ക് നൽകിയിരുന്നു. ബസിലും ട്രെയിനിലുമായി സഞ്ചരിക്കുകയായിരുന്ന സുകുമാരൻ ഇന്നലെ കൊല്ലത്ത് എത്തിയശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ട്രെയിനിൽ കൊട്ടാരക്കരയിലെത്തി.
ബസ് കാത്തുനിൽക്കുന്പോൾ സംശയം തോന്നിയ കച്ചവടക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.